സൗദിയിൽ ദേശീയദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; സെപ്റ്റംബർ 23ന് പൊതു അവധി
രാജ്യത്തിന്റെ രൂപീകരണ ചരിത്രവുമായി ഏറെ പ്രാധാന്യമുള്ള ദിവസമാണ് സെപ്റ്റംബർ 23. 1932ൽ അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളെ ഏകീകരിച്ച് സൗദി അറേബ്യ എന്ന പേരിൽ രാജ്യം ഔദ്യോഗികമായി നിലവിൽ വന്നതിന്റെ ഓർമയിലാണ് ഈ ദിവസം ദേശീയദിനമായി ആചരിക്കുന്നത്
റിയാദ്: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ സെപ്റ്റംബർ 23ന് രാജ്യവ്യാപകമായി അവധി. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ കമ്പനികൾക്കും ലാഭരഹിത സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 96-ാമത് ദേശീയദിനമാണ് ഇത്തവണ രാജ്യം ആഘോഷിക്കുന്നത്.
രാജ്യത്തിന്റെ രൂപീകരണ ചരിത്രവുമായി ഏറെ പ്രാധാന്യമുള്ള ദിവസമാണ് സെപ്റ്റംബർ 23. 1932ൽ അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളെ ഏകീകരിച്ച് സൗദി അറേബ്യ എന്ന പേരിൽ രാജ്യം ഔദ്യോഗികമായി നിലവിൽ വന്നതിന്റെ ഓർമയിലാണ് ഈ ദിവസം ദേശീയദിനമായി ആചരിക്കുന്നത്. ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.
നഗരങ്ങൾ ഇതിനോടകം തന്നെ ആഘോഷത്തിന്റെ നിറത്തിലേക്ക് മാറിത്തുടങ്ങി. പ്രധാന കെട്ടിടങ്ങളിലും റോഡുകളിലും പച്ച നിറത്തിലുള്ള ലൈറ്റുകളും ദേശീയപതാകകളും സ്ഥാപിക്കുന്നുണ്ട്. വ്യോമപ്രദർശനങ്ങൾ, കരിമരുന്ന് പ്രയോഗം, സംഗീത പരിപാടികൾ, പരമ്പരാഗത കലാപരിപാടികൾ എന്നിവയ്ക്കൊപ്പം മ്യൂസിയങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. കുടുംബങ്ങളെ ഉൾപ്പെടുത്തി വിവിധ വിനോദ-സാംസ്കാരിക പരിപാടികളും ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും.
Comments ()