സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം: കേടുപാടുകൾ, പ്രവർത്തനം നിർത്തിവെച്ചു

. ആക്രമണത്തിൽ പൈപ്പ് ലൈന് കേടുപാടുകൾ സംഭവിച്ചു.

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം: കേടുപാടുകൾ, പ്രവർത്തനം നിർത്തിവെച്ചു

ഇറാഖ് അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ 'ഈസ്റ്റ്-വെസ്റ്റ്' എണ്ണ പൈപ്പ് ലൈനിൽ പതിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് മദീനയ്ക്ക് തെക്കുകിഴക്കുള്ള പൈപ്പ് ലൈൻ കേന്ദ്രങ്ങളിൽ തീപിടിത്തവും പുകയും ദൃശ്യമായ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേത്തുടർന്ന് അപകടസാധ്യതകൾ മുൻനിർത്തി മുൻകരുതൽ നടപടിയെന്ന നിലയിൽ പൈപ്പ് ലൈന്റെ പ്രവർത്തനം സൗദി ഊർജ മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു.

ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തങ്ങളുടെ മണ്ണോ വ്യോമപാതയോ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അൽ-നുമാൻ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സമയം നൽകണമെന്ന ഇറാഖിന്റെ അഭ്യർത്ഥന മാനിച്ച് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചു. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം നിലനിർത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ ഈ നിലപാടിനെ ഇറാഖ് ഭരണകൂടം സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.

സൗദി അറേബ്യയുടെ കരമാർഗമുള്ള ഏറ്റവും വലിയ എണ്ണ കടത്തു സംവിധാനമാണ് ഏകദേശം 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ സൗദി തങ്ങളുടെ ക്രൂഡോയിൽ ചെങ്കടൽ തീരത്തെ തുറമുഖങ്ങളിലേക്ക് എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ പൈപ്പ് ലൈനിനെയാണ്. അതിനാൽ തന്നെ, തന്ത്രപ്രധാനമായ ഈ എണ്ണപ്പാതയ്ക്ക് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിപണിയെയും പ്രതികൂലമായി ബാധിക്കാൻ വലിയ സാധ്യതയുണ്ട്.