സൗദി സ്കൂളുകളിൽ ജങ്ക് ഫുഡിന് പൂട്ട്: കാന്റീനുകളിൽ 30 ഭക്ഷ്യസാധനങ്ങൾ നിരോധിച്ച് വിദ്യാഭ്യാസ മന്ത്രാലയം
സ്‌കൂളുകളില്‍ പോഷാകാഹാരത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനാണ് ഈ നടപടി
സൗദി അറേബ്യയിലെ സ്‌കൂള്‍ കാന്റീനുകളില്‍ നിന്ന് പ്രൊസസ്ഡ് മീറ്റ്, ചിപ്‌സ്, ശീതളപാനീയങ്ങൾ, എനര്‍ജി ഡ്രിങ്ക്‌സ്, കോള്‍ഡ് ടീ, കൃത്രിമ ജ്യൂസുകൾ ഉൾപ്പെടെ 30 ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ പോഷകാഹാരം ഉറപ്പാക്കുന്നതിനും ആരോഗ്യബോധവല്‍ക്കരണം ലക്ഷ്യമിട്ടുമാണ് ഈ സുപ്രധാന നടപടി. മോര്‍ടഡെല്ല, ഐസ്‌ക്രീം, ചോക്ലേറ്റ് ബിസ്‌ക്കറ്റുകള്‍, ചോക്ലേറ്റ് മില്‍ക്ക്, ബ്രെഡഡ് മീറ്റ്, കോഴി-മത്സ്യ ഉല്‍പ്പന്നങ്ങൾ, വിവിധ ഫില്ലിങ്ങുകളുള്ള സാന്‍ഡ് വിച്ചുകള്‍, മയോണൈസ്, അച്ചാര്‍ തുടങ്ങി കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിഭവങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.
ഭക്ഷണ സാധനങ്ങൾ നിരോധിക്കുന്നതിനൊപ്പം കാന്റീനുകളിൽ ഭക്ഷണം തയ്യാറാക്കുന്നതും പാക്ക് ചെയ്യുന്നതും വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ച് കര്‍ശനമായ മാനദണ്ഡങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം അതത് ദിവസം തന്നെ പാകം ചെയ്തതായിരിക്കണമെന്നും റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കുന്നവയുടെ പാക്കിങ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, സ്‌കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾക്ക് കൃത്യമായ ലൈസന്‍സ്, കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷന്‍, സകാത്ത്-വരുമാന സര്‍ട്ടിഫിക്കറ്റുകൾ തുടങ്ങിയ നിയമപരമായ രേഖകൾ നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യകരമായ ഒരു സ്കൂൾ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments ()