സൗദിക്കെതിരെ വീണ്ടും ഹൂതി ആക്രമണശ്രമം; ഡ്രോണുകൾ വെടിവെച്ചിട്ട് സൈന്യം
റിയാദ് ലക്ഷ്യമാക്കി ഹൂതി വിമതർ അയച്ച രണ്ട് ഡ്രോണുകളാണ് വ്യോമ പ്രതിരോധ സംവിധാനം കണ്ടെത്തി തകർത്തത്. സൗദിയിലേക്ക് വരുന്ന മിസൈൽ, ഡ്രോൺ ഭീഷണികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി പറഞ്ഞു
ദുബൈ: സൗദി അറേബ്യയ്ക്കെതിരായ ഹൂതി ആക്രമണശ്രമം വീണ്ടും. റിയാദ്, ഖമീസ് മുഷൈത്ത് മേഖലകൾ ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും സൗദി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.
റിയാദ് ലക്ഷ്യമാക്കി ഹൂതി വിമതർ അയച്ച രണ്ട് ഡ്രോണുകളാണ് വ്യോമ പ്രതിരോധ സംവിധാനം കണ്ടെത്തി തകർത്തത്. സൗദിയിലേക്ക് വരുന്ന മിസൈൽ, ഡ്രോൺ ഭീഷണികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി പറഞ്ഞു. ആക്രമണശ്രമങ്ങളുടെ സഞ്ചാരപാതയും ഉറവിടവും നിരീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തെക്കൻ സൗദിയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും പ്രതിരോധ സംവിധാനത്തിന്റെ ഇടപെടലിൽ തകർന്നു. പുതിയ ആക്രമണശ്രമത്തിന്റെ പശ്ചാത്തലത്തിൽ സൗദി, തുർക്കി, പാക്കിസ്ഥാൻ സൈനിക മേധാവികൾ റിയാദിൽ കൂടിക്കാഴ്ച നടത്തി. ഹൂതികളിൽനിന്നുള്ള സുരക്ഷാഭീഷണി ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പരസ്പര സൈനിക സഹായത്തിന് വഴിയൊരുക്കുന്ന പ്രതിരോധ സഹകരണ കരാറിൽ മൂന്നു രാജ്യങ്ങളും കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കത്തിനും തിരിച്ചടി. ഏഴ് ദിവസത്തിനകം കടലിടുക്ക് തുറക്കണമെന്ന വ്യവസ്ഥകളോടെ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരസിച്ചു. ഇറാനെതിരായ യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്നുകൊണ്ടിരുന്ന ചർച്ചകളെയും അമേരിക്കയുടെ നിലപാട് ബാധിച്ചതായി റിപ്പോർട്ടുകൾ.
Comments ()