സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം; മദീന ലക്ഷ്യമിട്ട മിസൈലും ഡ്രോണും തകർത്തു
കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഡ്രോണും വെടിവെച്ചിട്ടതായി സഖ്യസേന അറിയിച്ചു
റിയാദ്: സൗദി അറേബ്യയുടെ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ആക്രമണം നടത്താനുള്ള ഹൂതി നീക്കം പരാജയപ്പെടുത്തി. മദീന മേഖലയെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഡ്രോണും വെടിവെച്ചിട്ടതായി സഖ്യസേന അറിയിച്ചു.
സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് വ്യാഴാഴ്ച പ്രതിരോധ നടപടികൾ സ്ഥിരീകരിച്ചത്. മദീന ലക്ഷ്യമിട്ട മിസൈൽ ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ നശിപ്പിച്ചതായി അദ്ദേഹം എക്സിൽ കുറിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലും വ്യോമാതിർത്തിയിലും സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ഒക്ടോബർ 10ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു ഇന്ത്യൻ പൗരനും മരിച്ചു. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ മരണത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ദുഃഖം രേഖപ്പെടുത്തി.
ആക്രമണത്തിന് പിന്നാലെ മുതൽ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെന്നും തുടർന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എംബസി അറിയിച്ചു. കുടുംബത്തിന്റെ തീരുമാനമനുസരിച്ച് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനോ റിയാദിൽ സംസ്കരിക്കുന്നതിനോ വേണ്ട നടപടികളിൽ എംബസി പിന്തുണ നൽകും. പരേതന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനവും അറിയിച്ചു.
Comments ()