ജയിലിൽ കഴിയുന്നതിനിടെ രോഗബാധ; സൗദിയിൽ മലയാളി പ്രവാസിക്ക് ദാരുണാന്ത്യം
ഏകദേശം എട്ടുവർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സജീദിനെ 2024 ഒക്ടോബറിൽ റിയാദിൽ വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കൈവശം വച്ചെന്ന കേസിൽ അറസ്റ്റ് ചെയ്തിരുന്നു
റിയാദ്: സൗദി അറേബ്യയിൽ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ഗുരുതര രോഗം ബാധിച്ച മലയാളി പ്രവാസി മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ധീൻ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഏകദേശം എട്ടുവർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സജീദിനെ 2024 ഒക്ടോബറിൽ റിയാദിൽ വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കൈവശം വച്ചെന്ന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നിരപരാധിത്വം തെളിയിക്കാനാകാതെ വന്നതിനെ തുടർന്ന് കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചു.
ശിക്ഷ അനുഭവിക്കുന്നതിനിടെ ഒരു വർഷത്തിന് ശേഷം ജയിലിൽ വെച്ച് സജീദ് രക്തം ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയിലാണ് കരൾ അർബുദം സ്ഥിരീകരിച്ചത്. പിന്നീട് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില വഷളായതിനെ തുടർന്ന് അവസാന രണ്ട് മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജീദ്. പ്രവാസജീവിതത്തിനിടെ നേരിടേണ്ടിവന്ന തടവുശിക്ഷയ്ക്കും പിന്നാലെ ഗുരുതര രോഗത്തിനും ഒടുവിലാണ് മരണം സംഭവിച്ചത്.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഇതിനുള്ള സാമ്പത്തിക സഹായം റിയാദിലെ ഇന്ത്യൻ എംബസി നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. നടപടികൾ പൂർത്തിയായ മൃതദേഹം ദമാം വഴി നാട്ടിലെത്തിക്കും.
Comments ()