പൊതുനിരത്തിൽ വാഹനാഭ്യാസങ്ങൾക്ക് പൂട്ടിടാൻ സൗദി; നിരീക്ഷണത്തിന് രഹസ്യസംഘം

സൗദിയിലെ വിവിധ നഗരങ്ങളിൽ നിയമവിരുദ്ധ റേസിംഗുകൾ കണ്ടെത്താൻ ട്രാഫിക് വിഭാഗം പ്രത്യേക ഫീൽഡ് ടീമുകളെയും രഹസ്യ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്

പൊതുനിരത്തിൽ വാഹനാഭ്യാസങ്ങൾക്ക് പൂട്ടിടാൻ സൗദി; നിരീക്ഷണത്തിന് രഹസ്യസംഘം

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനുമതിയില്ലാതെ വാഹനാോട്ട മത്സരങ്ങൾ സംഘടിപ്പിക്കുന്നവർക്കും കൂട്ടത്തോടെ വാഹനം ഓടിക്കുന്നവർക്കുമെതിരെ ട്രാഫിക് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിച്ചു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 3,000 മുതൽ 6,000 സൗദി റിയാൽ വരെ (ഏകദേശം 1.35 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രത്യേക ഫീൽഡ് ടീമുകളെയും രഹസ്യ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചാണ് നിയമവിരുദ്ധ റേസിംഗുകൾ കണ്ടെത്തി ഉടനടി നിയമനടപടികൾ സ്വീകരിച്ചു വരുന്നത്. ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗ് രീതികൾ കടുത്ത ഗതാഗത തടസ്സമുണ്ടാക്കുന്നതിനൊപ്പം മറ്റ് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവന് വലിയ ഭീഷണി ഉയർത്തുന്നു.

കർശനമായ ട്രാഫിക് പ്ലാനുകളും തുടർച്ചയായ പരിശോധനകളും വഴി അപകടകരമായ ഡ്രൈവിംഗും അതിലൂടെയുണ്ടാകുന്ന മാരകമായ റോഡപകടങ്ങളും വലിയ അളവിൽ കുറയ്ക്കാൻ അധികൃതർക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. അതിനാൽ പൊതുനിരത്തുകൾ റേസിംഗിനോ സമാനമായ മറ്റ് അനധികൃത പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാതെ, ഗതാഗത നിയമങ്ങൾ പൂർണ്ണമായും പാലിച്ച് സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവർത്തിച്ച് വ്യക്തമാക്കുന്നു.