സൗദിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാകുന്നു, സൗദിയിൽ ഫീൽഡ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നിർബന്ധം
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി വലിയ പരിഷ്കാരങ്ങളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്.
സൗദി അറേബ്യ; സൗദി അറേബ്യയിലെ റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും നിരീക്ഷണവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി വലിയ പരിഷ്കാരങ്ങളുമായി മുനിസിപ്പൽ മന്ത്രാലയം. ഇതിന്റെ ഭാഗമായി പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥർ ശരീരത്തിൽ 'ബോഡി ക്യാമറകൾ' ധരിക്കുന്നത് അധികൃതർ നിർബന്ധമാക്കി. സ്ഥാപനങ്ങളിലെ നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും യാതൊരു തർക്കങ്ങൾക്കും ഇടയില്ലാത്തവിധം കൃത്യമായി രേഖപ്പെടുത്താനാണ് ഈ സ്മാർട്ട് നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്.
പരിശോധനാ വേളയിലെ ദൃശ്യങ്ങളും ശബ്ദവും തത്സമയം പകർത്തി മന്ത്രാലയത്തിന്റെ 'മുംതസിൽ' (Mumthasil) ആപ്പിലേക്ക് നേരിട്ട് ബന്ധിപ്പിക്കാൻ ഈ ക്യാമറകൾക്ക് സാധിക്കും. ഇത് ഫീൽഡ് പരിശോധനകളിൽ ഉയർന്ന സുതാര്യത ഉറപ്പാക്കാനും, ഉദ്യോഗസ്ഥരുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാനും സഹായിക്കും. കൂടാതെ വ്യാജ ആരോപണങ്ങൾ ഒഴിവാക്കാനും, തർക്കങ്ങൾ പരിഹരിക്കാനും, ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താനും ഇതിലൂടെ കഴിയും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുക, ജീവനക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുക തുടങ്ങിയ കർശന നടപടികളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. മുനിസിപ്പാലിറ്റികളും ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളും സംയുക്തമായാണ് സൗദിയിലുടനീളം ഈ പരിശോധനകൾ നടത്തുന്നത്.
Comments ()