സൗദി, തുർക്കി, പാകിസ്താൻ പ്രതിരോധ സഖ്യം ശക്തമാകുന്നു: സൗദിയിൽ സ്ഥിരം സെക്രട്ടേറിയറ്റ് വരുന്നു
നിലവിലുള്ള പ്രതിരോധ കൂട്ടായ്മ ഭാവിയിൽ കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും മൂന്ന് രാജ്യങ്ങളും ചേർന്ന് പരിശോധിക്കുന്നുണ്ട്
സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഏകോപനത്തിനായി സൗദി അറേബ്യയിൽ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കാൻ തീരുമാനമായി. ഇസ്താംബൂളിൽ ചേർന്ന ആദ്യ തന്ത്രപ്രധാന രാഷ്ട്രീയ-പ്രതിരോധ സമിതി യോഗത്തിലാണ് ഈ സുപ്രധാന ധാരണയിലെത്തിയത്.
ഈ പുതിയ സെക്രട്ടേറിയറ്റിന്റെ ആദ്യ സെക്രട്ടറി ജനറലിനെ പാകിസ്താൻ നാമനിർദ്ദേശം ചെയ്യുമെന്നും മൂന്ന് വർഷമായിരിക്കും ഈ പദവിയുടെ കാലാവധിയെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് സുഹൃദ് രാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുക, കൂട്ടായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, സൈനിക-സാങ്കേതിക രംഗങ്ങളിലെ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ ഉച്ചകോടി തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും സാധിക്കും. കൂടാതെ, നിലവിലുള്ള ഈ പ്രതിരോധ കൂട്ടായ്മ ഭാവിയിൽ കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും മൂന്ന് രാജ്യങ്ങളും ചേർന്ന് പരിശോധിക്കുന്നുണ്ട്. സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്ന കൂടുതൽ രാജ്യങ്ങളെ വരുംനാളുകളിൽ ഈ സഖ്യത്തിലേക്ക് ഉൾപ്പെടുത്തിയേക്കും. മക്ക കരാറിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ട് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ നീക്കം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments ()