ബിസിനസ് മേഖലയ്ക്ക് ഉണർവേകി സൗദി; വിവിധ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തന ഫീസിൽ ഇളവ്

പെട്രോള്‍ പമ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി അപ്പാര്‍ട്ട്മെന്റുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് താമസസൗകര്യങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഈ ഇളവ് ലഭിക്കുക.

ബിസിനസ് മേഖലയ്ക്ക് ഉണർവേകി സൗദി; വിവിധ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തന ഫീസിൽ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സ് ഫീസ് ഒഴിവാക്കി നഗരസഭ-ഭവന നിര്‍മ്മാണ മന്ത്രാലയം ഉത്തരവിട്ടു. ബിസിനസ്സ് മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുന്നതാണ് മന്ത്രാലയത്തിന്റെ ഈ പുതിയ തീരുമാനം. എന്നാല്‍, ഫീസ് ഇളവുകള്‍ അനുവദിക്കുന്നതിനൊപ്പം തന്നെ ഇത്തരം സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ചില പുതിയ നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നഗരപരിധിക്ക് പുറത്തുള്ള പെട്രോള്‍ പമ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി അപ്പാര്‍ട്ട്മെന്റുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് താമസസൗകര്യങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഈ ഇളവ് ലഭിക്കുക. ഇതോടൊപ്പം ഫാര്‍മസികള്‍, ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, വിനോദ-വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയെയും 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിനുള്ള പ്രത്യേക ഫീസ് ഒടുക്കുന്നതില്‍ നിന്ന് മന്ത്രാലയം പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

പുതുക്കിയ മുനിസിപ്പല്‍ ലൈസന്‍സിങ് ചട്ടങ്ങള്‍ പ്രകാരം, 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ നഗരസഭയുടെയും സുരക്ഷാ വിഭാഗങ്ങളുടെയും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. അര്‍ദ്ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള സമയത്തെ പ്രവര്‍ത്തനത്തിനാണ് ഈ പെര്‍മിറ്റ് ബാധകമാകുന്നത്. എന്നാല്‍ വിശുദ്ധ റമദാന്‍ മാസത്തിലും പെരുന്നാള്‍ അവധി ദിനങ്ങളിലും ഈ സമയനിയന്ത്രണം ഉണ്ടായിരിക്കില്ല.

റസിഡന്‍ഷ്യല്‍ ഏരിയകളിലെ ജനങ്ങളുടെ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം തെരുവുകളിലും സ്ഥലങ്ങളിലും വരണമെന്ന് അതത് നഗരസഭകള്‍ പ്രത്യേകം നിശ്ചയിക്കും. അതോടൊപ്പം, രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ നിയമങ്ങളും ഡ്യൂട്ടി സമയവും മന്ത്രാലയം കൃത്യമായി നിരീക്ഷിക്കുന്നതായിരിക്കും. രാത്രികാലങ്ങളിലെ തൊഴില്‍ ക്രമീകരണങ്ങള്‍ സൗദി തൊഴില്‍ നിയമങ്ങള്‍ക്കും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കും അനുവദിക്കുക.