യുഎഇയിൽ വൻ ലഹരിവേട്ട; 20 അംഗ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിൽ

യുഎഇ നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി, റാസൽഖൈമ പൊലീസ്, ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് എന്നിവ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന്റെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്

യുഎഇയിൽ വൻ ലഹരിവേട്ട; 20 അംഗ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിൽ

അബുദാബി: യുഎഇയിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ സുരക്ഷാസേന തകർത്തു. രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകളും 30 കിലോയിലധികം മറ്റ് നിരോധിത ലഹരിവസ്തുക്കളുമാണ് സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

യുഎഇ നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി, റാസൽഖൈമ പൊലീസ്, ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് എന്നിവ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന്റെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. ജിസിസി, അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം.

കാപ്റ്റഗൺ ഗുളികകൾക്ക് പുറമെ കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ്, സ്പൈസ് തുടങ്ങിയ ലഹരിവസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. റാസൽഖൈമയിലെ അതിർത്തി മേഖല വഴി മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

യുഎഇയിലെയും ഇറാഖിലെയും സുരക്ഷാ ഏജൻസികൾ തമ്മിൽ കൈമാറിയ രഹസ്യവിവരങ്ങളാണ് ഓപ്പറേഷനിലേക്ക് നയിച്ചത്. വിവരങ്ങൾ വിലയിരുത്തി തയ്യാറാക്കിയ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അതിർത്തിയിൽ നടത്തിയ നീക്കത്തിലൂടെ ലഹരിക്കടത്ത് തടയുകയും ചില പ്രതികളെ സംഭവസ്ഥലത്തുവെച്ച് പിടികൂടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘവുമായി ബന്ധമുള്ള മറ്റുള്ളവരെയും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.