സൗദിയിലെ പാർക്കുകൾ മാറുന്നു: കഫേകളും ഫിറ്റ്നസ് സെന്ററുകളുമായി പുതിയ വാണിജ്യ വിപ്ലവം

സൗദി വിഷന്‍ 2030ന്റെ ഭാഗമായി മുന്‍സിപ്പാലിറ്റി-ഭവന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കരട് ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

സൗദിയിലെ പാർക്കുകൾ മാറുന്നു: കഫേകളും ഫിറ്റ്നസ് സെന്ററുകളുമായി പുതിയ വാണിജ്യ വിപ്ലവം

റിയാദ്: സൗദി അറേബ്യയിലെ പൊതു പാര്‍ക്കുകള്‍ ഇനി വെറുമൊരു വിശ്രമകേന്ദ്രങ്ങള്‍ മാത്രമായിരിക്കില്ല, പകരം വൈവിധ്യമാര്‍ന്ന വാണിജ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പുതിയ കേന്ദ്രങ്ങളായി അവ മാറും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തുപകരുന്നതിനുമായി പാര്‍ക്കുകളില്‍ വലിയ തോതിലുള്ള വിനോദ-വാണിജ്യ സാധ്യതകള്‍ക്ക് അനുമതി നല്‍കാന്‍ രാജ്യം ഒരുങ്ങുകയാണ്.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി മുന്‍സിപ്പാലിറ്റി-ഭവന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കരട് ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. എങ്കിലും, പാര്‍പ്പിട മേഖലകളിലെ പാര്‍ക്കുകളില്‍ ഇത്തരം വാണിജ്യ, വിനോദ, സാമൂഹിക സേവനങ്ങള്‍ അനുവദിക്കുന്നത് കൃത്യമായ ആസൂത്രണങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കും.

പുതിയ ചട്ടക്കൂട് അനുസരിച്ച്, പാര്‍ക്കുകളുടെ വലുപ്പം നോക്കിയാണ് അവിടെ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാമെന്ന് നിശ്ചയിക്കുന്നത്. 5,000 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്തീര്‍ണ്ണമുള്ള വലിയ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക ഫിറ്റ്നസ് സെന്ററുകള്‍, വിനോദ കേന്ദ്രങ്ങള്‍, ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ എന്നിവ ആരംഭിക്കാവുന്നതാണ്. ഇതിനുപുറമെ, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പകല്‍വീടുകള്‍ (ഡേ-കെയര്‍ സെന്ററുകള്‍), ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്കും ഇവിടെ അനുമതി നല്‍കും.

കുറഞ്ഞത് 1,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്കുകളില്‍ പച്ചക്കറി-പഴവര്‍ഗ്ഗ വിപണന കേന്ദ്രങ്ങളും ഹൈഡ്രോപോണിക് കൃഷി പ്രോജക്റ്റുകളും ആരംഭിക്കാന്‍ സാധിക്കും. 1,200 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്തൃതിയുള്ള ചെറിയ പാര്‍ക്കുകളില്‍ കഫേകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ഫ്രഷ് ജ്യൂസ് സ്റ്റാളുകള്‍, പൂക്കടകള്‍ എന്നിവയ്ക്കും അനുമതി നല്‍കും.