ന്യൂ മുറബ്ബയിൽ 200 കിടക്കകളുള്ള വൻ ആശുപത്രി; 100 കോടി റിയാൽ നിക്ഷേപം

പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയോടെ വികസിപ്പിക്കുന്ന ന്യൂ മുറബ്ബയിലെ പ്രധാന സാമൂഹിക അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായിരിക്കും ആശുപത്രി. നഗരത്തിന്റെ രൂപകൽപ്പനയിൽ നിർണായക ഘട്ടം പിന്നിട്ടതിന് പിന്നാലെ പ്രഖ്യാപിക്കുന്ന പ്രധാന നിക്ഷേപ പദ്ധതികളിൽ ആദ്യത്തേതുമാണിത്.

ന്യൂ മുറബ്ബയിൽ 200 കിടക്കകളുള്ള വൻ ആശുപത്രി; 100 കോടി റിയാൽ നിക്ഷേപം

റിയാദ്: സൗദി അറേബ്യയുടെ പുതിയ നഗരവികസന പദ്ധതിയായ ന്യൂ മുറബ്ബയിൽ വൻ ആരോഗ്യപരിചരണ കേന്ദ്രം ഒരുങ്ങുന്നു. ഏകദേശം 100 കോടി റിയാൽ ചെലവഴിച്ച് 200 കിടക്കകളുള്ള ആധുനിക ജനറൽ ആശുപത്രിയാണ് നിർമിക്കുന്നത്. ന്യൂ മുറബ്ബ ഡെവലപ്‌മെന്റ് കമ്പനിയും അൽ മാന മെഡിക്കൽ ഗ്രൂപ്പും തമ്മിൽ ഇതിനായി കരാറിൽ ഒപ്പുവച്ചു.

പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയോടെ വികസിപ്പിക്കുന്ന ന്യൂ മുറബ്ബയിലെ പ്രധാന സാമൂഹിക അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായിരിക്കും ആശുപത്രി. നഗരത്തിന്റെ രൂപകൽപ്പനയിൽ നിർണായക ഘട്ടം പിന്നിട്ടതിന് പിന്നാലെ പ്രഖ്യാപിക്കുന്ന പ്രധാന നിക്ഷേപ പദ്ധതികളിൽ ആദ്യത്തേതുമാണിത്.

അത്യാഹിത ചികിത്സയും ട്രോമ കെയറും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായിരിക്കും ആശുപത്രിയുടെ പ്രവർത്തനം. ഫാമിലി മെഡിസിൻ, പീഡിയാട്രിക്സ്, നിയോനേറ്റോളജി, ഓർത്തോപീഡിക്സ്, കാർഡിയോളജി, ന്യൂറോളജി തുടങ്ങിയ പ്രത്യേക ചികിത്സാ വിഭാഗങ്ങളും ഇവിടെ ലഭ്യമാകും.

2.8 ലക്ഷത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന സമഗ്ര നഗരമായാണ് ന്യൂ മുറബ്ബ വിഭാവനം ചെയ്തിരിക്കുന്നത്. താമസസ്ഥലങ്ങളിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ‘15 മിനിറ്റ് കമ്മ്യൂണിറ്റി’ മാതൃകയിലാണ് വിവിധ മേഖലകൾ വികസിപ്പിക്കുന്നത്. ആരോഗ്യപരിചരണ സൗകര്യങ്ങൾ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്.

ന്യൂ മുറബ്ബയിലെ താമസക്കാരുടെയും സന്ദർശകരുടെയും ഭാവിയിലെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സൗദിയുടെ ആരോഗ്യ മേഖലയിലെ വികസന ലക്ഷ്യങ്ങൾക്കും പദ്ധതി പിന്തുണ നൽകും.

ന്യൂ മുറബ്ബ ഡെവലപ്‌മെന്റ് കമ്പനിയുടെ ആക്ടിങ് സി.ഇ.ഒ എൻജി. സബാഹ് ബറകാത്ത്, അൽ മാന മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ അവാദ് അൽ ഒമരി എന്നിവർ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കി. നഗരത്തിന്റെ ദീർഘകാല വളർച്ചയ്ക്കും ജീവിതനിലവാരം ഉയർത്തുന്നതിനും ആരോഗ്യ മേഖലയിലെ ഈ നിക്ഷേപം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

സൗദിയുടെ ‘ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം’, ‘ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം’ തുടങ്ങിയ പദ്ധതികളുടെ ലക്ഷ്യങ്ങളുമായി യോജിച്ചാണ് ആശുപത്രി വികസിപ്പിക്കുന്നത്. ഭാവിയിൽ ന്യൂ മുറബ്ബയിൽ എത്തുന്ന കൂടുതൽ തന്ത്രപ്രധാന നിക്ഷേപങ്ങൾക്ക് പുതിയ ആശുപത്രി തുടക്കമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.