ഭാര്യയെയും മകളെയും കിടപ്പുമുറിയിൽ കയറി വെട്ടിക്കൊന്നു: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.

ഭാര്യയെയും മകളെയും കിടപ്പുമുറിയിൽ കയറി വെട്ടിക്കൊന്നു: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിൽ സ്വന്തം ഭാര്യയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മംദൂഹ് ബിൻ ദാഹിർ ബിൻ ഗരീബ് അൽ ഹാംലി അൽ ഷമ്മരി എന്നയാളുടെ ശിക്ഷയാണ് ശനിയാഴ്ച നടപ്പിലാക്കിയത്.

ഭാര്യ മറിയം ബിൻത് സാദ് ബിൻ സൈദ് അൽ ഷമ്മരി, മകൾ ഗല എന്നിവരുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഇരുവരെയും വധിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന ഉടൻതന്നെ ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിലും തുടർന്ന് നടന്ന വിചാരണയിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന്റെ ഭീകരത കണക്കിലെടുത്താണ് കീഴ്ക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും ശിക്ഷ നടപ്പാക്കാനുള്ള രാജകൽപ്പന പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് നടപടികൾ പൂർത്തിയായത്.