സൗദിയിൽ ബാച്ചിലർമാരുടെ താമസകേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാകുന്നു, 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ നൽകി
തൊഴിലാളികളുടെ താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ മേഖലയെ കൂടുതൽ സുസംഘടിതമാക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയം നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
റിയാദ്: സൗദി അറേബ്യയിൽ ബാച്ചിലർമാർക്കും തൊഴിലാളികൾക്കുമുള്ള കൂട്ടായ പാർപ്പിട കേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കാൻ നടപടികൾ ശക്തമാക്കി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ഇതിന്റെ ഭാഗമായി കഴിഞ്ഞ 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ മന്ത്രാലയം അനുവദിച്ചു.
തൊഴിലാളികളുടെ താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ മേഖലയെ കൂടുതൽ സുസംഘടിതമാക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയം നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. 2025 സെപ്റ്റംബർ മുതൽ ഇത്തരം കൂട്ടായ താമസസൗകര്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെ, മന്ത്രാലയത്തിന്റെ കർശനമായ നിയന്ത്രണ വ്യവസ്ഥകളും നിബന്ധനകളും പാലിക്കാൻ പ്രവാസി കൂട്ടായ്മകളും സ്ഥാപനങ്ങളും കൂടുതൽ താല്പര്യം കാണിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ലൈസൻസിനായുള്ള അപേക്ഷകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലായ ‘ബലദി’ പ്ലാറ്റ്‌ഫോം വഴിയാണ് ഈ ലൈസൻസുകൾ അനുവദിക്കുന്നത്. പുതിയ ലൈസൻസുകൾ പ്രകാരം ഏതാണ്ട് 10 ലക്ഷത്തോളം തൊഴിലാളികൾക്ക് മികച്ച താമസസൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ആരോഗ്യപരവും സുരക്ഷിതവുമായ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്ന പാർപ്പിടങ്ങൾ ഉറപ്പാക്കാൻ ഈ നടപടി സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസാഹചര്യങ്ങൾ ഒരുക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും ഈ വിപുലീകരണം ശക്തമായൊരു ചാലകശക്തിയായി മാറുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Comments ()