നികുതി വെട്ടിപ്പിനും തെറ്റായ വിവരങ്ങൾക്കും പൂട്ടിടാൻ സൗദി; റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ നിരക്കുകൾ

പരിശോധനയ്‌ക്കെത്തുന്ന അതോറിറ്റി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതും കനത്ത ശിക്ഷാർഹമാണ്

നികുതി വെട്ടിപ്പിനും തെറ്റായ വിവരങ്ങൾക്കും പൂട്ടിടാൻ സൗദി; റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ നിരക്കുകൾ

സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് നികുതി നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി, ഇടപാടുകളിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് വൻ തുക പിഴ ചുമത്താൻ ശുപാർശ ചെയ്യുന്ന പുതിയ കരട് നിയമം അധികൃതർ പുറത്തിറക്കി. വ്യവസ്ഥകൾ ലംഘിക്കുന്നവരിൽ നിന്ന് അടയ്‌ക്കേണ്ട നികുതി തുകയോ അല്ലെങ്കിൽ 50,000 റിയാലോ—ഇതിൽ ഏതാണോ കൂടുതൽ—അത്രയും തുക പിഴയായി ഈടാക്കാനാണ് നിർദ്ദേശത്തിലുള്ളത്. പുതിയ കരട് നിയമപ്രകാരം, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൃത്യമായി രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാലോ നിയമപരമായ സമയപരിധിക്കുള്ളിൽ ആവശ്യമായ നികുതി രേഖകളും അക്കൗണ്ടുകളും സൂക്ഷിക്കാതിരുന്നാലോ 5,000 മുതൽ 50,000 റിയാൽ വരെ പിഴ ലഭിക്കും.

തർക്കങ്ങളോ മറ്റ് നടപടികളോ പരിശോധിക്കുമ്പോൾ അതോറിറ്റിയുമായി സഹകരിക്കാതിരിക്കുകയോ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്നവർക്ക് 1,000 മുതൽ 50,000 റിയാൽ വരെയാകും ശിക്ഷ. കൂടാതെ, പരിശോധനയ്‌ക്കെത്തുന്ന അതോറിറ്റി ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുക, കണക്കു പുസ്തകങ്ങളോ ഇൻവോയ്‌സുകളോ രേഖകളോ പരിശോധിക്കാനോ പകർപ്പുകളെടുക്കാനോ അനുവദിക്കാതെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ ലംഘനങ്ങൾക്കും 1,000 മുതൽ 50,000 റിയാൽ വരെ പിഴ ചുമത്താൻ നിർദ്ദേശമുണ്ട്. നികുതി ചട്ടങ്ങളിലെ മറ്റ് ലംഘനങ്ങൾക്കും ഇതേ തുക തന്നെയായിരിക്കും പിഴ. ഈ കരട് നിർദ്ദേശത്തിൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട കക്ഷികൾക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ 'ഇസ്തിലാ' (Istitlaa) എന്ന പ്ലാറ്റ്‌ഫോം വഴി ഒക്ടോബർ മൂന്ന് വരെ അവസരം നൽകിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.