സൗദിയിൽ പുതിയ സ്വദേശിവത്കരണ നിയമം; എൻജിനീയറിങ് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ നഷ്ട ഭീതി
നിശ്ചിത സ്വദേശിവത്കരണ ക്വാട്ട പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും സാമ്പത്തിക പിഴയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി
റിയാദ്: സ്വകാര്യ മേഖലയിലെ എൻജിനീയറിങ് ജോലികളിൽ 30 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതിന് പിന്നാലെ നിയമം കർശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സൗദി അധികൃതർ രാജ്യവ്യാപക പരിശോധന ശക്തമാക്കി. നിശ്ചിത സ്വദേശിവത്കരണ ക്വാട്ട പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും സാമ്പത്തിക പിഴയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അഞ്ചോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. കമ്പനികൾ തങ്ങളുടെ എൻജിനീയറിങ് തസ്തികകളിൽ കുറഞ്ഞത് 30 ശതമാനം സൗദി പൗരന്മാരെ നിയമിക്കേണ്ടതുണ്ട്. നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനാ സംഘങ്ങളെയാണ് മന്ത്രാലയം നിയോഗിച്ചിരിക്കുന്നത്.
അതേസമയം, പുതിയ നിയമത്തിന്റെ ഭാഗമായി ബന്ധപ്പെട്ട എൻജിനീയറിങ് തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ (SCE) പ്രഫഷണൽ അക്രഡിറ്റേഷൻ നിർബന്ധമായും നേടിയിരിക്കണമെന്നും അധികൃതർ അറിയിച്ചു. അക്രഡിറ്റേഷൻ ഇല്ലാത്തവർക്ക് ബന്ധപ്പെട്ട തസ്തികകളിൽ ജോലി തുടരാൻ അനുമതിയുണ്ടാകില്ല.
ദേശീയ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും സ്വകാര്യ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശിവത്കരണ നടപടി ശക്തമാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കമ്പനികൾ നിയമം കർശനമായി പാലിക്കണമെന്ന് വീണ്ടും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Comments ()