പെർമിറ്റും ഫിറ്റ്നസുമില്ലാതെ സ്കൂൾ വാൻ; കൊച്ചിയിൽ എംവിഡിയുടെ മിന്നൽ പരിശോധനയിൽ വാഹനം പിടികൂടി
പൊന്നുരുന്നി സികെസിഎൽപി സ്കൂളിലെ കുട്ടികളുമായി സർവീസ് നടത്തുകയായിരുന്ന വാഹനമാണ് എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.
കൊച്ചി: ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും പെർമിറ്റിന്റെയും കാലാവധി പൂർത്തിയായിട്ടും വിദ്യാർത്ഥികളുമായി സർവീസ് നടത്തിയ മഹീന്ദ്ര വാൻ മോട്ടോർ വാഹന വകുപ്പിന്റെ (MVD) എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. പൊന്നുരുന്നി സികെസിഎൽപി (CKCLP) സ്കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന വാഹനമാണ് പൊന്നുരുന്നിയിൽ വെച്ച് തിങ്കളാഴ്ച ഉദ്യോഗസ്ഥരുടെ പിടിയിലായത്.
പരിശോധനയ്ക്കിടെ വാഹനത്തിന്റെ ജീർണ്ണാവസ്ഥ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ 'വാഹൻ' ഡാറ്റാബേസിൽ പരിശോധിച്ചപ്പോഴാണ് വാനിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും പെർമിറ്റിന്റെയും കാലാവധി കഴിഞ്ഞതായി വ്യക്തമായത്.
ഉദ്യോഗസ്ഥരെ കണ്ടതോടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ വാഹനം വേഗത്തിൽ ഓടിച്ചുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എംവിഡി സംഘം പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് കുട്ടികളെ ഡ്രൈവർ വഴിയിൽ ഇറക്കിവിട്ടതായി വാഹനത്തിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.
നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് വാഹനത്തിന്റെ സർവീസ് മോട്ടോർ വാഹന വകുപ്പ് ഉടനടി നിർത്തിവെപ്പിച്ചു. ഡ്രൈവർക്കും വാഹനത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാനിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഉദ്യോഗസ്ഥർ തൽക്ഷണം മറ്റൊരു വാഹനം ക്രമീകരിച്ചു നൽകി.
എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിഷ്ണു പ്രസാദ് എൻ. ബി., എൽദോസ് തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. വരുന്ന ദിവസങ്ങളിലും സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധന തുടർന്ന് സുരക്ഷ ഉറപ്പാക്കുമെന്ന് എംവിഡി വൃത്തങ്ങൾ അറിയിച്ചു.
Comments ()