ബാങ്കിൽ പണമടയ്ക്കാൻ പോകവെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; റിട്ട. എഎസ്ഐ മരിച്ചു, റോഡിൽ ചിതറിവീണ ഒന്നരലക്ഷത്തോളം രൂപ പൊലീസിന് കൈമാറി നാട്ടുകാർ
ചൊവ്വാഴ്ച വൈകിട്ട് വെങ്ങാനൂർ എസ്ബിഐ ശാഖയ്ക്ക് സമീപമായിരുന്നു അപകടം. പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനായി സ്കൂട്ടറിൽ പോകുകയായിരുന്നു പ്രഭാകരൻ നായർ. ഇതിനിടെ എതിർദിശയിൽ എത്തിയ ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു
തിരുവനന്തപുരം: വെങ്ങാനൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട. എഎസ്ഐ മരിച്ചു. 72 വയസ്സായിരുന്നു. വെണ്ണിയൂർ അമ്പാടിയിൽ പ്രഭാകരൻ നായർ ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് വെങ്ങാനൂർ എസ്ബിഐ ശാഖയ്ക്ക് സമീപമായിരുന്നു അപകടം. പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനായി സ്കൂട്ടറിൽ പോകുകയായിരുന്നു പ്രഭാകരൻ നായർ. ഇതിനിടെ എതിർദിശയിൽ എത്തിയ ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതോടെയാണ് മരണം സംഭവിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വാഴിച്ചൽ സ്വദേശി ശരത്തിനും (35) പരിക്കേറ്റിരുന്നു. ഇയാളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെണ്ണിയൂരിൽ പലചരക്ക് വ്യാപാരത്തിനൊപ്പം കാർഷിക ഉപകരണങ്ങളുടെ വിൽപ്പനയും നടത്തിയിരുന്ന വ്യക്തിയായിരുന്നു പ്രഭാകരൻ നായർ. അപകടത്തിനിടെ ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോയിരുന്ന പണം റോഡിൽ വീണു ചിതറിയിരുന്നു. ഏകദേശം ഒന്നരലക്ഷം രൂപയോളം വരുന്ന നോട്ടുകളാണ് റോഡിൽനിന്ന് നാട്ടുകാർ ശേഖരിച്ചത്. തുടർന്ന് ഇവ പൊലീസിന് കൈമാറി.
Comments ()