‘തിരിച്ചുവരുമെന്ന് കരുതിയില്ല’; നേപ്പാൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് 21 പേർ നാട്ടിൽ എത്തി

ജീവൻ തിരിച്ചുകിട്ടിയത് രണ്ടാം ജന്മത്തിന് തുല്യമാണെന്ന് നാട്ടിലെത്തിയ തീർത്ഥാടകർ പറഞ്ഞു. പ്രളയത്തിൽപ്പെട്ടപ്പോൾ തിരികെ നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പ്രതികരിച്ചു.

‘തിരിച്ചുവരുമെന്ന് കരുതിയില്ല’; നേപ്പാൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് 21 പേർ നാട്ടിൽ എത്തി

ചെന്നൈ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ സുരക്ഷിതരായി നാട്ടിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഘം ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. മന്ത്രിമാരായ നാരായണ സ്വാമി ആനന്തും ഡി. ശരത് കുമാറും ചേർന്ന് ഇവരെ സ്വീകരിച്ചു.

ജീവൻ തിരിച്ചുകിട്ടിയത് രണ്ടാം ജന്മത്തിന് തുല്യമാണെന്ന് നാട്ടിലെത്തിയ തീർത്ഥാടകർ പറഞ്ഞു. പ്രളയത്തിൽപ്പെട്ടപ്പോൾ തിരികെ നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പ്രതികരിച്ചു.

തീർത്ഥാടകർ യാത്ര ചെയ്തിരുന്ന മൂന്ന് ബസുകളാണ് അപ്രതീക്ഷിതമായി മിന്നൽ പ്രളയത്തിൽ കുടുങ്ങിയത്. കുത്തിയൊഴുകിയ വെള്ളവും ചെളിയും വാഹനങ്ങളെ വളഞ്ഞതോടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വാഹനങ്ങൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയ സംഘം സമീപത്തെ മലമുകളിലേക്ക് മാറി സുരക്ഷിത സ്ഥാനത്ത് അഭയം തേടി.

പ്രദേശത്തുണ്ടായിരുന്ന ആംഡ് റിസർവ് പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരാണ് പിന്നീട് തീർത്ഥാടകർക്ക് സഹായമെത്തിച്ചത്. പൊലീസ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം നേപ്പാൾ ആർമിയുടെ ഹെലികോപ്റ്റർ വഴി കാഠ്മണ്ഡുവിലെത്തിക്കുകയായിരുന്നു.

പ്രളയത്തിന്റെ ഭീകരത വിവരിച്ച വിജയഭുവനേശ്വരി, മൂന്ന് ബസുകൾക്കും നേരെ വെള്ളം ഇരച്ചെത്തിയപ്പോൾ വലിയ സ്ഫോടനശബ്ദം പോലെയാണ് അനുഭവപ്പെട്ടതെന്ന് പറഞ്ഞു. മുന്നിലും പിന്നിലും ഉണ്ടായിരുന്ന വാഹനങ്ങൾ കുടുങ്ങിയതോടെ പുറത്തുകടക്കാൻ ബസിന് മുകളിലേക്ക് കയറേണ്ടിവന്നു. തുടർന്ന് മലമുകളിലേക്ക് എത്തിയാണ് രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു.

നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് വലിയ തോതിൽ ഭയപ്പെട്ടിരുന്നുവെന്നും ആ സമയത്ത് മകളെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു മനസ്സിലെന്നും വിജയഭുവനേശ്വരി പറഞ്ഞു. പ്രകൃതിയോടുള്ള മനുഷ്യരുടെ ഇടപെടലുകളുടെ ദുരിതം പലപ്പോഴും സാധാരണക്കാരാണ് ഏറ്റുവാങ്ങേണ്ടിവരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

സംഘത്തിലെ മുതിർന്ന പൗരയായ വല്ലിനായകിയും രക്ഷപ്പെട്ട അനുഭവം വിവരിച്ചു. അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയത് വലിയ ദുരന്തമായി തോന്നിയെന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു. മറ്റൊരു തീർത്ഥാടകൻ വെള്ളപ്പാച്ചിലിൽ ലോറിയും ബസും ഒഴുകിപ്പോകുന്നത് കണ്ടതോടെ ഭയം ഇരട്ടിയായതായി വ്യക്തമാക്കി. ഡ്രൈവറുടെ ഭാഗത്തുകൂടിയാണ് പുറത്തുകടന്നതെന്നും പിന്നീട് ഉയർന്ന പ്രദേശത്തേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തമിഴ്നാട്ടിൽ നിന്ന് ഏകദേശം 400 പേർ നേപ്പാളിലേക്ക് പോയിട്ടുണ്ടെന്നാണ് മന്ത്രി രാജ് മോഹന്റെ വിശദീകരണം. ഇതിൽ 140 പേരെ ഇതിനകം കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 80 പേരെക്കുറിച്ച് ഇപ്പോഴും വിവരം ലഭിക്കാനുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

കാഠ്മണ്ഡുവിൽ എത്തിക്കുന്ന തമിഴ്നാട് സ്വദേശികളെ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനവും ഏകോപനവും ശക്തമാക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നുള്ള നാല് മന്ത്രിമാരുടെ സംഘം ദില്ലിയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്.