അപകട ഭീഷണി ഒഴിഞ്ഞു; ഖമീസ് മുശൈത്തിലെ ജാഗ്രതാ നിർദേശം പിൻവലിച്ച് സൗദി
സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെന്നും സിവിൽ ഡിഫൻസ് അറിയിച്ചു
റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ പ്രഖ്യാപിച്ചിരുന്ന സുരക്ഷാ ജാഗ്രതാ നിർദേശം പിൻവലിച്ച് സൗദി സിവിൽ ഡിഫൻസ്. നിലവിൽ മേഖലയിൽ അടിയന്തര ഭീഷണി നിലനിൽക്കുന്നില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് ഒഴിവാക്കിയത്.
ആക്രമണ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്നാണ് ഖമീസ് മുശൈത്തിൽ നേരത്തെ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരുന്നത്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
അതേസമയം, സൗദിയിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് യമനിലെ ഹൂതി മിലിഷ്യകൾ ആക്രമണശ്രമങ്ങൾ നടത്തിയതായി അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അബഹ, ഖമീസ് മുശൈത്ത്, ജാസാൻ, നജ്റാൻ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളും സാമ്പത്തിക സ്ഥാപനങ്ങളുമാണ് ലക്ഷ്യമിട്ടതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
സുരക്ഷാ സാഹചര്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ആളുകൾ കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തുന്നതിൽനിന്നും അവ പ്രചരിപ്പിക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അടിയന്തര സാഹചര്യം ഉണ്ടായാൽ 998 എന്ന നമ്പറിൽ സിവിൽ ഡിഫൻസിനെ ബന്ധപ്പെടാം. പ്രദേശത്തെ സുരക്ഷാ സാഹചര്യം തുടർന്നും നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments ()