അദാനിക്ക് അമേരിക്കയിൽ തിരിച്ചടി; കേസ് പിന്‍വലിക്കൽ തീരുമാനം ചോദ്യം ചെയ്ത് കോടതി
കേസ് ഉടൻ തള്ളണമെന്ന അദാനിയുടെ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ച ബ്രൂക്ലിൻ ജില്ലാ ജഡ്ജി നിക്കോളാസ് ഗരൗഫിസ്, ഇപ്പോൾ തന്നെ കേസ് ഒഴിവാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി
ന്യൂയോർക്ക്: വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസുകൾ പിന്‍വലിച്ച നടപടിയിൽ വിശദീകരണം തേടി അമേരിക്കൻ കോടതി രംഗത്തെത്തി. കേസ് ഉടൻ തള്ളണമെന്ന അദാനിയുടെ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ച ബ്രൂക്ലിൻ ജില്ലാ ജഡ്ജി നിക്കോളാസ് ഗരൗഫിസ്, ഇപ്പോൾ തന്നെ കേസ് ഒഴിവാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
കേസിൽ എന്തുകൊണ്ട് പ്രോസിക്യൂഷൻ നടപടി ഉപേക്ഷിച്ചുവെന്നതിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നിലവിലെ പ്രസ്താവനകൾ മാത്രം അടിസ്ഥാനമാക്കി കേസിനെ പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലെന്നും കൂടുതൽ വിശദീകരണം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
അദാനിക്കെതിരായ നടപടികൾ തുടരില്ലെന്ന് കഴിഞ്ഞ മാസം യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരുന്നെങ്കിലും, അതിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.
വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ ജൂലൈ 13 വരെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ബ്രൂക്ലിനിലെ യു.എസ്. അറ്റോർണി ഓഫീസ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അതേസമയം, കേസ് അമേരിക്കൻ നിയമപരിധിയിൽപ്പെടുന്നതല്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അദാനിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. ബുധനാഴ്ചയാണ് കേസ് ഔദ്യോഗികമായി തള്ളണമെന്ന് ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചു.
Comments ()