ആന്ധ്ര തീരത്തേക്ക് മുറസു ചുഴലിക്കാറ്റ്; അതീവ ജാഗ്രതാ നിർദേശം

രാത്രി 11.30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്ര തീരത്ത് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നെല്ലൂർ മുതൽ നരസാപുരം വരെയുള്ള തീരമേഖലകളിൽ ജാഗ്രത ശക്തമാക്കി

ആന്ധ്ര തീരത്തേക്ക് മുറസു ചുഴലിക്കാറ്റ്; അതീവ ജാഗ്രതാ നിർദേശം

ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച മുറസു ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. ചെന്നൈയിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ കേന്ദ്രമെന്നാണ് റിപ്പോർട്ട്. രാത്രി 11.30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്ര തീരത്ത് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നെല്ലൂർ മുതൽ നരസാപുരം വരെയുള്ള തീരമേഖലകളിൽ ജാഗ്രത ശക്തമാക്കി. ദുരന്തനിവാരണത്തിനായി എൻഡിആർഎഫ് സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകാവുന്ന നാശനഷ്ടങ്ങൾ നേരിടാൻ തമിഴ്നാട്ടിൽ നിന്നുള്ള വൈദ്യുതി വകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്.

മുറസുവിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വടക്കൻ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.