വിലക്കയറ്റം ജീവിതം ദുസ്സഹമാക്കി; ബംഗ്ലാദേശിൽ തൊഴിലാളികൾ തെരുവിൽ, ആളിക്കത്തി പ്രക്ഷോഭം

സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്

വിലക്കയറ്റം ജീവിതം ദുസ്സഹമാക്കി; ബംഗ്ലാദേശിൽ തൊഴിലാളികൾ തെരുവിൽ, ആളിക്കത്തി പ്രക്ഷോഭം

ഡൽഹി: കടുത്ത പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും വ്യവസായ മേഖലയിലെ ഊർജപ്രശ്നങ്ങളും നേരിടുന്ന ബംഗ്ലാദേശിൽ തൊഴിലാളി സമരം ശക്തിപ്രാപിക്കുന്നു. വേതന വർധന ആവശ്യപ്പെട്ട് വസ്ത്രനിർമാണ മേഖലയിലെ ജീവനക്കാർ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായതോടെ 500ലധികം ഫാക്ടറികളുടെ പ്രവർത്തനം നിലച്ചു. സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭക്ഷണം, താമസം, യാത്ര, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവ് കുത്തനെ ഉയർന്നതോടെ നിലവിലെ ശമ്പളം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നാണ് തൊഴിലാളികളുടെ പരാതി. 40 ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന വസ്ത്രനിർമാണ മേഖലയിൽ അടിസ്ഥാന മാസവേതനം 30,000 ബംഗ്ലാദേശ് ടാക്കയായി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇത് ഏകദേശം 23,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. എന്നാൽ തൊഴിലാളികളുടെ ആവശ്യത്തോട് ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് സമരം വ്യാപിക്കാൻ കാരണമായത്.

തലസ്ഥാനമായ ധാക്കയ്ക്കു പുറമെ ഗാസിപ്പൂർ, അഷുലിയ തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിലും പ്രതിഷേധം ശക്തമായി. റോഡുകൾ ഉപരോധിച്ചതോടെ ഗതാഗതം തടസ്സപ്പെടുകയും ഫാക്ടറികളുടെ പ്രവർത്തനം താളം തെറ്റുകയും ചെയ്തു. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയതായും റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിനൊപ്പം ബംഗ്ലാദേശ് ബോർഡർ ഗാർഡിനെയും വിന്യസിച്ചു. തുടർന്നാണ് വേതന വിഷയത്തിൽ ഇടപെടാൻ സർക്കാർ വേജ് ബോർഡ് രൂപീകരിക്കുമെന്ന് അറിയിച്ചത്. അതേസമയം, 30,000 ടാക്ക അടിസ്ഥാന വേതനമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വസ്ത്രനിർമാതാക്കളുടെ സംഘടന.

രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന വസ്ത്രവ്യവസായ മേഖലയിലെ പ്രതിസന്ധി ബംഗ്ലാദേശിന്റെ സാമ്പത്തിക നിലയെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ ബ്രാൻഡുകൾക്കായി വസ്ത്രങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന നിരവധി കമ്പനികളാണ് സമരത്തെ തുടർന്ന് പ്രതിസന്ധിയിലായത്. ഇതിനുപുറമെ, പതിവായ വൈദ്യുതി തടസ്സങ്ങളും ഉൽപാദനത്തെ ബാധിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം ഒൻപത് മാസം പിന്നിട്ടിട്ടും വിലക്കയറ്റം, ക്രമസമാധാന പ്രശ്നങ്ങൾ, വൈദ്യുതി-വാതക വിതരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിഷയങ്ങൾ ഉയർത്തി കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് പ്രതിപക്ഷ പാർട്ടികൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.