സർക്കാർ ജീവനക്കാർക്ക് ഇനി കൈനിറയെ ശമ്പളം: പ്രതിമാസ വരുമാനം 20,000 ദിർഹമാക്കാൻ ഷാർജ ഭരണാധികാരിയുടെ ഉത്തരവ്
72 കോടിയിലധികം ദിർഹം ചെലവഴിച്ച് ഷാർജ സർക്കാരിലെ 17,776 ജീവനക്കാരുടെ വരുമാനമാണ് ഉയർത്തുന്നത്.
ഷാർജയിലെ സർക്കാർ ജീവനക്കാർ, പെൻഷൻകാർ, സാമൂഹിക സുരക്ഷാ സഹായം ലഭിക്കുന്ന കുടുംബങ്ങൾ എന്നിവരുടെ മിനിമം പ്രതിമാസ വേതനം 20,000 ദിർഹമായി (ഏകദേശം 4.5 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഉയർത്തി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചരിത്രപരമായ ഉത്തരവിറക്കി. സെപ്റ്റംബർ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ വർധനവ്, സ്വദേശി കുടുംബങ്ങളുടെ പ്രതിമാസ ജീവിതച്ചെലവുകളും ആവശ്യങ്ങളും മുൻനിർത്തി നടത്തിയ സമഗ്ര പഠനത്തിന് ശേഷമാണ് പ്രഖ്യാപിച്ചത്. പ്രതിവർഷം 118.7 കോടിയിലധികം (1.187 ബില്യൺ) ദിർഹമിന്റെ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ ഷാർജ സർക്കാർ ഏറ്റെടുക്കുന്നത്. പദ്ധതിയുടെ സിംഹഭാഗമായ 72 കോടിയിലധികം ദിർഹം ചെലവഴിച്ച് ഷാർജ സർക്കാരിലെ 17,776 ജീവനക്കാരുടെ വരുമാനമാണ് ഉയർത്തുന്നത്. ഇതിനുപുറമെ, സാമൂഹിക ആനുകൂല്യങ്ങൾ ലഭിക്കുന്ന 6,652 കുടുംബങ്ങൾക്ക് പ്രതിവർഷം 19.5 കോടിയിലധികം ദിർഹമിന്റെ സഹായവും ലഭ്യമാകും. ഷാർജ സർവീസിൽ നിന്ന് വിരമിച്ച 2,251 പെൻഷൻകാർക്ക് 11.3 കോടി ദിർഹമും, ഷാർജയ്ക്ക് പുറത്തുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച 5,300 പൗരന്മാർക്ക് സപ്ലിമെന്ററി ഗ്രാന്റായി 15.9 കോടി ദിർഹമും ഈ പദ്ധതിയിലൂടെ ലഭിക്കും.
സ്വദേശി പൗരന്മാരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമം ഉറപ്പാക്കാൻ തുടർച്ചയായ തീരുമാനങ്ങളാണ് ഷാർജ ഭരണാധികാരി നടപ്പിലാക്കി വരുന്നത്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിലായി 633 സ്വദേശികൾക്കും, തുടർന്ന് 717 പ്രവാസികൾക്കും സർക്കാർ മേഖലയിൽ തൊഴിൽ നൽകാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. കൂടാതെ, തൊഴിൽരഹിതരായ 410 സ്വദേശി ഉദ്യോഗാർത്ഥികൾക്കായി പ്രതിമാസം 6,000 ദിർഹം സ്റ്റൈപ്പൻഡോടെയുള്ള പ്രത്യേക പരിശീലന പരിപാടിയും നടപ്പിലാക്കുന്നുണ്ട്. അടുത്തിടെ ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിലെ 238 ജീവനക്കാർക്ക് പ്രൊമോഷനും 56 പേർക്ക് പ്രകടന അധിഷ്ഠിത ബോണസും നൽകുകയുണ്ടായി. തൊഴിൽ മേഖലയ്ക്ക് പുറമേ ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ പിന്തുണയാണ് സർക്കാർ നൽകുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ സ്വദേശി വിദ്യാർഥികൾക്കും യുഎഇ വനിതകളുടെ മക്കൾക്കുമായി 4,434 സ്കോളർഷിപ്പുകൾ അനുവദിച്ചു. ഒപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സുഡാനീസ് പ്രവാസി സമൂഹത്തിലെ കുട്ടികൾക്കായി സ്ഥാപിച്ച 'സുഡാൻ പ്രൈവറ്റ് സ്കൂളിലെ' വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കരുതെന്നും, നിലവിൽ ശേഖരിച്ച ഫീസ് രക്ഷിതാക്കൾക്ക് തിരികെ നൽകണമെന്നും നിർദ്ദേശിച്ചു. ജനക്ഷേമത്തിനായി ഷാർജ സർക്കാർ നടപ്പിലാക്കുന്ന കരുതൽ നടപടികളുടെ തുടർച്ചയാണ് ഈ പുതിയ വേതന വർധനവ്.
Comments ()