ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം, രണ്ട് ഇന്ത്യൻ നാവികരെ കാണാതായി
11 ഇന്ത്യൻ ജീവനക്കാരിൽ ഒൻപത് പേരെ വിജയകരമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ട് ഇന്ത്യൻ നാവികരെ കാണാതായി.
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. നിക്കരാഗ്വയുടെ പതാകയേന്തിയ 'എംടി പെട്രോ ഡോൾഫിൻ' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒൻപത് പേരെ വിജയകരമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ട് ഇന്ത്യൻ നാവികരെ കാണാതായി.
ഞായറാഴ്ച സോഹാർ ആങ്കറേജിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ 'എക്സ്' (X) വഴി സ്ഥിരീകരിച്ചു. കാണാതായ രണ്ട് ഇന്ത്യക്കാർക്കായി ഒമാൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കാണാതായവരെ കണ്ടെത്തുന്നതിനായി പ്രാദേശിക ഭരണകൂടവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്.
വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ മന്ത്രാലയം, മേഖലയിൽ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇത്തരം നടപടികൾ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാക്കുമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നാവികർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതവും വാണിജ്യ സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.
Comments ()