സിക്കിമില്‍ തുരങ്ക നിര്‍മ്മാണത്തിനിടെ ദുരന്തം: കാണാതായവരില്‍ മലയാളിയും; കുടുംബം സിക്കിമിലേക്ക്
നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനിലെ (എന്‍എച്ച്പിസി) സീനിയര്‍ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് മണ്ണിടിച്ചിലില്‍ കാണാതായത്.
ഗാങ്‌ടോക്ക്/കോട്ടയം: സിക്കിമില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയും. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനിലെ (എന്‍എച്ച്പിസി) സീനിയര്‍ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് മണ്ണിടിച്ചിലില്‍ കാണാതായത്. 16 വര്‍ഷമായി എന്‍എച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്.
അപകട വിവരത്തെ തുടര്‍ന്ന് അനീഷിന്റെ കുടുംബാംഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഭാര്യയും ഭാര്യയുടെ സഹോദരനും അനീഷന്റെ സഹോദരനുമാണ് സിക്കിമിലേക്ക് തിരിച്ചത്. ദില്ലിയില്‍ എത്തിയ മൂവരെയും എന്‍എച്ച്പിസി അധികൃതര്‍ വിമാനമാര്‍ഗം സിക്കിമില്‍ എത്തിച്ചു. ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുന്‍പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഹരിയാനയില്‍ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത്. അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമര്‍ദുങ്ങില്‍ എന്‍എച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവര്‍ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിര്‍മ്മാണത്തിനിടെ ആണ് മീഥെയിന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. സംഭവത്തില്‍ ഇതുവരെ 20 പേര്‍ മരിച്ചു.
Comments ()