സിക്കിം മണ്ണിടിച്ചിൽ ദുരന്തം;ജീവൻ നഷ്ടമായ എൻഎച്ച്പിസി ഉദ്യോഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു
തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ അനീഷിനെ നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്
കൊച്ചി: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്ക നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ) ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. കോട്ടയം മണർകാട് സ്വദേശിയായ അനീഷ് (43)യുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ അനീഷിനെ നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. മൃതദേഹം പിന്നീട് സിക്കിമിൽ നിന്ന് റോഡ് മാർഗം കൊൽക്കത്തയിലെത്തിക്കുകയും ആവശ്യമായ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
നോർക്കയുടെ ഏകോപനത്തിൽ കൊൽക്കത്ത വിമാനത്താവളത്തിൽ മൃതദേഹം എംബാം ചെയ്ത ശേഷം എയർ ഇന്ത്യ വിമാനത്തിൽ കേരളത്തിലേക്ക് കൊണ്ടുവന്നു. രാവിലെ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം നോർക്ക ഒരുക്കിയ ആംബുലൻസിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ കോട്ടയം മണർകാട്ടിലെ വസതിയിലേക്ക് കൊണ്ടുപോയി.
കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും പൊതുദർശനത്തിന് അവസരം ഒരുക്കിയ ശേഷമായിരിക്കും സംസ്കാരച്ചടങ്ങുകൾ നടക്കുക. നാല് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ അനീഷിന്റെ മൃതദേഹം നാട്ടിലെത്തിയത് ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും വലിയ വേദനയായി.
Comments ()