സിക്കിം തുരങ്ക അപകടം: മലയാളി ഉദ്യോ​ഗസ്ഥൻ അനീഷിന്റെ മരണം സ്ഥിരീകരിച്ചു

നാല് ദിവസം നീണ്ട തീവ്ര തെരച്ചിലിനൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

സിക്കിം തുരങ്ക അപകടം: മലയാളി ഉദ്യോ​ഗസ്ഥൻ അനീഷിന്റെ മരണം സ്ഥിരീകരിച്ചു

സിക്കിം: സിക്കിമിലെ തുരങ്ക അപകടത്തില്‍ കാണാതായ മലയാളി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശിയായ അനീഷ് മോഹനാണ് (40) മരിച്ചത്. നാല് ദിവസം നീണ്ട തീവ്ര തെരച്ചിലിനൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷനില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്ന അനീഷ് കഴിഞ്ഞ 16 വര്‍ഷമായി സ്ഥാപനത്തിലെ ജീവനക്കാരനാണ്. സിക്കിമിലെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. അനീഷിന്റെ ഭാര്യയും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിലവില്‍ സിക്കിമിലുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്.

സിക്കിമിലെ നാംചി ജില്ലയിലുള്ള സമര്‍ദുങ്ങില്‍ എന്‍എച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവര്‍ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിര്‍മ്മാണത്തിനിടെ ആണ് മീഥെയിന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. സംഭവത്തില്‍ ഇതുവരെ 20 പേര്‍ മരിച്ചു.