സിൽവർ ഇക്കോണമി: കേരളത്തിലെ അടുത്ത വലിയ ബിസിനസ് തരംഗം

സിൽവർ ഇക്കോണമി: കേരളത്തിലെ അടുത്ത വലിയ ബിസിനസ് തരംഗം

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പ്രായമാകുന്ന സംസ്ഥാനമായി കേരളം മാറുമ്പോള്‍, അത് വെറുമൊരു സാമൂഹിക വെല്ലുവിളി മാത്രമല്ലവമ്പന്‍ ബിസിനസ് സാധ്യതകള്‍ തുറന്നിടുന്ന ഒരു പുത്തന്‍ വിപണി കൂടിയാണ്. സംസ്ഥാന സര്‍ക്കാര്‍ 'സില്‍വര്‍ ഇക്കോണമി' എന്ന ആശയത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുകയും, എല്‍ഡര്‍ലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിക്കുകയും ചെയ്തതോടെ യുവ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും മുന്നില്‍ തുറക്കപ്പെടുന്നത് ഒരു സുവര്‍ണാവസരമാണ്.

2031-ഓടെ കേരളത്തിലെ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 76.53 ലക്ഷം കവിയുമെന്നാണ് കണക്കുകള്‍. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, മികച്ച ആരോഗ്യസംരക്ഷണം, യുവാക്കളുടെ കുടിയേറ്റം എന്നിവയാണ് ഈ മാറ്റത്തിന് പിന്നില്‍. ഇതോടൊപ്പം പ്രവാസി വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യ-സുരക്ഷാ ആവശ്യങ്ങള്‍ വര്‍ധിക്കുന്നു. ലോകവ്യാപകമായി ട്രില്യണ്‍ ഡോളറുകളുടെ വിപണിയായി വളരുന്ന സില്‍വര്‍ ഇക്കോണമിയില്‍ കേരളം ഒരു പ്രധാന പരീക്ഷണ കേന്ദ്രമായി മാറുകയാണ്.

പ്രധാന ബിസിനസ്സ് മേഖകള്‍ നോക്കാം....

മുതിര്‍ന്നവരുടെ പരിചരണ സേവനങ്ങള്‍

വീട്ടില്‍ എത്തി പരിചരണം നല്‍കുന്ന സേവനങ്ങള്‍, നഴ്സിംഗ്, ഫിസിയോതെറാപ്പി, ദിനപരിചരണ കേന്ദ്രങ്ങള്‍, പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ എന്നിവ വലിയ വിപണിയാണ്. ഇത് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഫ്രാഞ്ചൈസി മാതൃകയില്‍ വേഗത്തില്‍ വ്യാപിപ്പിക്കാനും കഴിയും.

ആരോഗ്യ സാങ്കേതികവിദ്യയും സഹായ ഉപകരണങ്ങളും

ആരോഗ്യ നില നിരീക്ഷിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങള്‍, മരുന്ന് ഓര്‍മ്മപ്പെടുത്തല്‍ സംവിധാനങ്ങള്‍, വീഴ്ച കണ്ടെത്തല്‍ സാങ്കേതികവിദ്യകള്‍, ടെലിമെഡിസിന്‍ സേവനങ്ങള്‍ എന്നിവ വലിയ വളര്‍ച്ചാ സാധ്യതയുള്ള മേഖലയാണ്. കേരളത്തിലെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ ഇതിന് ശക്തമായ പിന്തുണ നല്‍കുന്നു.

സില്‍വര്‍ ടൂറിസവും വെല്‍നെസും

ആയുര്‍വേദ ചികിത്സയും വയോജനാരോഗ്യ പാക്കേജുകളും ചേര്‍ന്ന ടൂറിസം, മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ സഞ്ചാര കേന്ദ്രങ്ങള്‍, ദീര്‍ഘകാല താമസ ടൂറിസം എന്നിവ പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിലൂടെ പുതിയ വിപണി നേടുന്നു.

വയോജനങ്ങള്‍ക്ക് പ്രത്യേക ഉല്‍പ്പന്നങ്ങളും ചില്ലറവ്യാപാരവും

സീനിയര്‍ ഫ്രണ്ട്‌ലി ഭക്ഷണങ്ങള്‍, ആരോഗ്യപോഷകങ്ങള്‍, വീല്‍ചെയര്‍, വാക്കര്‍ പോലുള്ള ചലനസഹായ ഉപകരണങ്ങള്‍, സുരക്ഷിത ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകത ഉയരുകയാണ്. ഇ-കൊമേഴ്സ് രംഗത്തും പുതിയ ബ്രാന്‍ഡുകള്‍ക്ക് വലിയ സാധ്യതയുണ്ട്.

ധനകാര്യ സേവനങ്ങളും ഇന്‍ഷുറന്‍സും

വയോജനങ്ങള്‍ക്ക് അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍, വിരമിക്കല്‍ സാമ്പത്തിക പദ്ധതികള്‍, റിവേഴ്സ് മോര്‍ട്ട്‌ഗേജ് പോലുള്ള സേവനങ്ങള്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ വരുമാന സ്രോതസ്സുകളാണ്.

സര്‍ക്കാര്‍ പിന്തുണയും നയപരമായ മുന്നേറ്റങ്ങളും

വയോജന ക്ഷേമ വകുപ്പ് രൂപീകരണം, സില്‍വര്‍ ഇക്കോണമി പ്രവര്‍ത്തനരേഖ തയ്യാറാക്കല്‍, പ്രാരംഭമായി പതിനായിരം കോടി രൂപയുടെ വകയിരുത്തല്‍, വയോമിത്രം പോലുള്ള പദ്ധതികളുടെ വിപുലീകരണം എന്നിവ ഈ മേഖലയെ ശക്തിപ്പെടുത്തുന്നു. ഇത് സ്വകാര്യ മേഖലയ്ക്ക് പൊതുമേഖലാ പങ്കാളിത്ത അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ജപ്പാന്‍, സിംഗപ്പൂര്‍, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ മുതിര്‍ന്ന പൗരന്മാരുടെ സമ്പദ്വ്യവസ്ഥയെ വലിയ വളര്‍ച്ചാ മേഖലയാക്കി മാറ്റിയിട്ടുണ്ട്. കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരത, ഡിജിറ്റല്‍ ശേഷി, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ മേഖലയില്‍ വലിയ മുന്‍തൂക്കം നല്‍കുന്നു. സില്‍വര്‍ ഇക്കോണമി ഇനി വെറും ക്ഷേമ പദ്ധതി അല്ല കേരളത്തിന്റെ പുതിയ സാമ്പത്തിക വളര്‍ച്ചാ മാതൃകയാണ്.