94കാരിക്ക് പിന്നാലെ 77കാരിയും; മണിക്കൂറുകൾക്കുള്ളിൽ സഹോദരിമാർക്ക് ദാരുണാന്ത്യം
ഏലിയാമ്മ പെരുമ്പാവൂർ ആശ്രമം സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപികയായിരുന്നു. സാറാമ്മ കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്കൂളിൽ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ച ശേഷമാണ് വിരമിച്ചത്
പെരുമ്പാവൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരിമാർ മരിച്ചതിന്റെ വേദനയിലാണ് കുടുംബം. ഒന്നാം മൈൽ മുക്കടവിൽ വീട്ടിൽ ഏലിയാമ്മ സാമുവേൽ (94) ശനിയാഴ്ച വൈകുന്നേരം മൂന്നിനാണ് മരിച്ചത്. ഇതിന് പിന്നാലെ രാത്രി എട്ടോടെ സഹോദരി സാറാമ്മ ജോർജ് (77)യും അന്തരിച്ചു.
ഏലിയാമ്മ പെരുമ്പാവൂർ ആശ്രമം സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപികയായിരുന്നു. സാറാമ്മ കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്കൂളിൽ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ച ശേഷമാണ് വിരമിച്ചത്. മല്ലപ്പിള്ളി തുരുത്തിക്കാട് മധുരംപൊയ്കയിൽ കുടുംബാംഗങ്ങളാണ് ഇരുവരും.
ഏലിയാമ്മയുടെ മക്കൾ സോജു എസ്. കോശി (റിട്ട. മാനേജർ, ഇഎസ്ഐ), അനിത മാത്യു, സാം പി. കോശി (ഇൻഷുറൻസ്), ഷീല റോയ് എന്നിവരാണ്. ആഷ സോജു, സാഗിസാം (മഹിളാലയം സ്കൂൾ, ആലുവ), റോയ് ഐസക് (റിട്ട. എഇഇ, എൽഎസ്ജിഡി) എന്നിവരാണ് മരുമക്കൾ.
സാറാമ്മയുടെ ഭർത്താവ് ചുണ്ടോട്ട്, അടൂർ സ്വദേശിയായ പരേതനായ ജോർജ് കുര്യനാണ്. മകൾ മിനി നേരത്തെ മരിച്ചിരുന്നു. മരുമകൻ ഷിബുവാണ്. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂർ ഓൾ സെയ്ന്റ്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും.
Comments ()