124 കോടിയുടെ ചെലവുകളും വിലപിടിപ്പുള്ള സംഭാവനകളും പരിശോധിച്ച് എസ്ഐടി; അയോധ്യ ക്ഷേത്ര അന്വേഷണം ശക്തമാക്കി
2024-ലെ രാംലല്ല പ്രാണപ്രതിഷ്ഠയും 2025-ലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട ചെലവുകളാണ് അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. ഈ കാലയളവിൽ വിവിധ പരിപാടികൾക്കായി ട്രസ്റ്റ് 124 കോടിയിലധികം രൂപ ചെലവഴിച്ചതായാണ് പ്രാഥമിക കണക്കുകൾ.
ലഖ്നൗ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്ഷേത്ര ട്രസ്റ്റ് നടത്തിയ സാമ്പത്തിക ഇടപാടുകളും വിവിധ മതചടങ്ങുകൾക്കായി ചെലവഴിച്ച തുകയും വിശദമായി പരിശോധിച്ചുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2024-ലെ രാംലല്ല പ്രാണപ്രതിഷ്ഠയും 2025-ലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട ചെലവുകളാണ് അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. ഈ കാലയളവിൽ വിവിധ പരിപാടികൾക്കായി ട്രസ്റ്റ് 124 കോടിയിലധികം രൂപ ചെലവഴിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഇതിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന് മാത്രം ഏകദേശം 113 കോടി രൂപ ചെലവായെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്കായുള്ള ടെന്റ് സൗകര്യങ്ങൾ, അക്ഷത് പൂജാ ക്യാമ്പയിൻ, പരസ്യ-പ്രചാരണ പ്രവർത്തനങ്ങൾ, അലങ്കാരങ്ങൾ, ലൈറ്റിങ്, ഭക്ഷണ ക്രമീകരണങ്ങൾ, പൂജാ ചടങ്ങുകൾ, സംഗീത-ശബ്ദ സംവിധാനങ്ങൾ, വൈദ്യുതി എന്നിവയ്ക്കായി ചെലവഴിച്ച തുകയുടെ രേഖകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതിനായി ബില്ലുകൾ, വൗച്ചറുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക രേഖകൾ ശേഖരിച്ച് പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇതിനൊപ്പം, ക്ഷേത്രത്തിലേക്ക് ലഭിച്ച സ്വർണ-വെള്ളി സംഭാവനകളുടെ കണക്കുകളും എസ്ഐടി പരിശോധിക്കുന്നുണ്ട്. 2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ 2.3 കിലോ സ്വർണവും 83.3 കിലോ വെള്ളിയും സംഭാവനയായി ലഭിച്ചതായി ട്രസ്റ്റിന്റെ രേഖകളിലുണ്ട്. മഹാകുംഭമേളയ്ക്കിടെ മാത്രം 1.5 കിലോ സ്വർണവും 28 കിലോ വെള്ളിയും ലഭിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭാവനയായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ നിലവിലെ സ്ഥിതി, അവയുടെ സംരക്ഷണ സംവിധാനം, രേഖകളിലെ കണക്കുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണ്ടെത്തലുകളൊന്നും പുറത്തുവിട്ടിട്ടില്ല.
Comments ()