സ്വകാര്യബസ് ലോറിയിൽ ഇടിച്ചുകയറി അപകടം; ആറുപേർ മരിച്ചു
പ്രാഥമിക വിവരങ്ങൾ പ്രകാരം റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
വിജയവാഡ: തെലങ്കാനയിലെ സൂര്യാപേട്ടിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളാണ്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റതായും ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ഹൈദരാബാദിൽ നിന്ന് ആന്ധ്രപ്രദേശിലെ എലുരുവിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
അപകടവിവരം ലഭിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments ()