നിപ ബാധിച്ച് മരിച്ച ആറുപേർക്കും റെംഡെസിവിർ നൽകിയിട്ടില്ല; മന്ത്രി കെ. മുരളീധരന്റെ വാദം തള്ളി ഡോ. അനൂപ് കുമാർ

2023 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 13 പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ ആറുപേർ മരണപ്പെടുകയും ഏഴുപേർ രോഗമുക്തി നേടുകയും ചെയ്തു

നിപ ബാധിച്ച് മരിച്ച ആറുപേർക്കും റെംഡെസിവിർ നൽകിയിട്ടില്ല; മന്ത്രി കെ. മുരളീധരന്റെ വാദം തള്ളി ഡോ. അനൂപ് കുമാർ

കോഴിക്കോട്: നിപ ചികിത്സയിൽ റെംഡെസിവിർ മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെ. മുരളീധരന്റെ പരാമർശങ്ങളെ തിരുത്തി ഡോ. അനൂപ് കുമാർ എ.എസ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിപ ബാധിച്ച് മരിച്ച ആറുപേരിൽ ആരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 13 പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ ആറുപേർ മരണപ്പെടുകയും ഏഴുപേർ രോഗമുക്തി നേടുകയും ചെയ്തു. എന്നാൽ മരണപ്പെട്ടവരിൽ ഒരാൾക്കുപോലും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ നൽകിയിട്ടില്ലെന്നാണ് ഡോ. അനൂപ് കുമാറിന്റെ വിശദീകരണം.

2018, 2019 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴും ചികിത്സയുടെ ഭാഗമായി റെംഡെസിവിർ ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം മോണോക്ലോണൽ ആന്റിബോഡിയും ചികിത്സയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ മരുന്നുകൾ നിപ ചികിത്സയിൽ എത്രത്തോളം ഫലപ്രദമാണെന്നതിന് ഇതുവരെ വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ല. എബോള ചികിത്സയിൽ ഉപയോഗിച്ചതുപോലെ നിപയ്ക്കും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇവ പ്രയോഗിച്ചതെന്നും ഡോ. അനൂപ് കുമാർ വ്യക്തമാക്കി.