ഗ്യാസ് കുറ്റിക്ക് അരികിൽ പതിയിരുന്ന പാമ്പ്; കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
സംഭവത്തിന് പിന്നാലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിൽവച്ച് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു
കൊല്ലം: ഒരാഴ്ച മുൻപ് പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശിനിയായ യുവതി മരിച്ചു. ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.
വീട്ടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ചാണ് ശാലിനിക്ക് പാമ്പിന്റെ കടിയേറ്റത്. സംഭവത്തിന് പിന്നാലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിൽവച്ച് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു.
എന്നാൽ ഇന്നലെ ശാരീരിക അസ്വസ്ഥതകൾ രൂക്ഷമായതോടെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാലിനിയുടെ ഭർത്താവ് അനീഷ് വിദേശത്താണ്.
Comments ()