സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?; നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി.

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?; നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നവംബർ മാസത്തിൽ വീണ്ടും ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക ശക്തമാകുന്നു. പീക്ക് അവറുകളിലെ കടുത്ത വൈദ്യുതിക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇതിനായി ബോർഡ് സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്. വിഷയം മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും സാനിധ്യത്തിൽ ചർച്ച ചെയ്തെങ്കിലും തീരുമാനം നീളുകയായിരുന്നു.

യൂണിറ്റിന് 14.5 രൂപ എന്ന ഉയർന്ന നിരക്കാണ് ഹിമാചൽ പ്രദേശ് ആവശ്യപ്പെടുന്നത്. എന്നാൽ ചർച്ചകളിലൂടെ വില 12.50 രൂപയായി കുറയ്ക്കാൻ കഴിയുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. സർക്കാരിന്റെ പച്ചക്കൊടി ലഭിച്ച ശേഷമേ അനുമതിക്കായി സംസ്ഥാന റെഗുലേറ്ററി കമ്മീഷനെ സമീപിക്കൂ എന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി.

ഓപ്പൺ ടെൻഡർ വിളിച്ച് അപേക്ഷ ക്ഷണിച്ചെങ്കിലും പീക്ക് അവറുകളിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ കരാറുകാരെ ആരെയും ലഭിച്ചിരുന്നില്ല. വരുന്ന മാസങ്ങളിൽ വൈകുന്നേരങ്ങളിലെ ഉയർന്ന ഉപയോഗ സമയത്ത് (Peak Hours) 738 മെഗാവാട്ട് വരെ വൈദ്യുതിയുടെ കടുത്ത ദൗർലഭ്യമാണ് സംസ്ഥാനം നേരിടാൻ പോകുന്നത്. അതേസമയം അടുത്ത മെയ് മാസം വരെ 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ വൈദ്യുതി നൽകാൻ തങ്ങൾ തയ്യാറാണെന്ന് ഹിമാചൽ പ്രദേശ് അറിയിച്ചിട്ടുണ്ട്. അനുമതി വൈകുന്ന പക്ഷം സംസ്ഥാനം വീണ്ടും ഇരുട്ടിലാകാനുള്ള സാധ്യതയേറെയാണ്.