നീറ്റ് പ്രതിഷേധത്തിന് ഐക്യദാർഢ്യം; ഇന്ന് സംസ്ഥാനത്ത് കെഎസ്‌യു, എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

നീറ്റ് പ്രതിഷേധത്തിന് ഐക്യദാർഢ്യം; ഇന്ന് സംസ്ഥാനത്ത് കെഎസ്‌യു, എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ബഹിഷ്‌കരിക്കണമെന്ന് കെഎസ്‌യു അഭ്യർഥിച്ചു. രാജ്യവ്യാപകമായി നടക്കുന്ന നീറ്റ് പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബന്ദ് സംഘടിപ്പിക്കുന്നതെന്ന് സംഘടന അറിയിച്ചു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരായ പൊലീസ് നടപടിയും സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ബലമായി നീക്കിയ സംഭവങ്ങളും പ്രതിഷേധത്തിന് കാരണമായതായി കെഎസ്‌യു വ്യക്തമാക്കി.

ബന്ദിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും വിവിധ ക്യാംപസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.