ഗാസ വിഷയത്തിൽ മോദി സർക്കാരിനെതിരെ സോണിയ; വിദേശനയം “അധാർമ്മികം” എന്ന് വിമർശനം

ഗാസയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പരാമർശിച്ച അവർ, അവിടുത്തെ സാധാരണ ജനങ്ങളും കുട്ടികളും വലിയ തോതിൽ ദുരിതമനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി

ഗാസ വിഷയത്തിൽ മോദി സർക്കാരിനെതിരെ സോണിയ; വിദേശനയം “അധാർമ്മികം” എന്ന് വിമർശനം

ന്യൂഡൽഹി: ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. ഗാസ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന വിദേശനയം രാജ്യത്തിന്റെ പരമ്പരാഗത നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണെന്നും, അത് ഇന്ത്യയുടെ നയതന്ത്ര താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

ഒരു ദേശീയ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് സോണിയാ ഗാന്ധി കേന്ദ്രസർക്കാരിനെ വിമർശിച്ചത്. ഗാസയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പരാമർശിച്ച അവർ, അവിടുത്തെ സാധാരണ ജനങ്ങളും കുട്ടികളും വലിയ തോതിൽ ദുരിതമനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വ്യാപകമായി തകർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

ഹമാസ് നടത്തിയ ആക്രമണം അപലപനീയമാണെന്ന് വ്യക്തമാക്കിയ സോണിയാ ഗാന്ധി, അതിന് മറുപടിയായി ഇസ്രായേൽ സ്വീകരിച്ച സൈനിക നടപടികൾ ആനുപാതികത നഷ്ടപ്പെട്ടതും വലിയ മാനുഷിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതുമാണെന്നും അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര സമൂഹത്തിലെ നിരവധി രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയോ ഇസ്രായേലിനെതിരെ നയതന്ത്ര-നിയമ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സമീപനം കൂടുതൽ സൂക്ഷ്മമായിരിക്കേണ്ടതായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരമ്പരാഗത സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലാണ് നിലവിലെ വിദേശനയം മുന്നോട്ട് പോകുന്നതെന്നും സോണിയാ ഗാന്ധി വിമർശിച്ചു.

മധ്യപൂർവദേശത്ത് സമാധാനത്തിനും ചർച്ചകൾക്കും നേതൃത്വം നൽകാൻ ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന സാധ്യതകൾ നഷ്ടപ്പെട്ടുവെന്നും, നിലവിലെ വിദേശനയ സമീപനം രാജ്യത്തിന്റെ നൈതികവും തന്ത്രപരവുമായ താൽപര്യങ്ങൾക്ക് ഗുണകരമായിട്ടില്ലെന്നും സോണിയാ ഗാന്ധി ലേഖനത്തിൽ അഭിപ്രായപ്പെട്ടു.