പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിക്ക് പ്രത്യേക കാർഡ് പരിഗണനയിൽ; ദുരുപയോഗം തടയാൻ പുതിയ നീക്കം
സൗജന്യ യാത്രയ്ക്കിടെ ചിലർ ദീർഘദൂര ടിക്കറ്റ് എടുത്ത ശേഷം ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ യാത്ര അവസാനിപ്പിക്കുന്നതടക്കമുള്ള പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ചില ബസുകളിൽ ഒന്നിലധികം ടിക്കറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നതോടെയാണ് നിലവിലെ സംവിധാനത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായത്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഗതാഗത വകുപ്പ് ആലോചന ആരംഭിച്ചു. പദ്ധതിയുടെ ദുരുപയോഗം കുറയ്ക്കുന്നതിനും ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുമായി വനിതാ യാത്രക്കാർക്ക് പ്രത്യേക കാർഡ് നൽകുന്ന നിർദേശം പരിഗണനയിലാണെന്നാണ് വിവരം.
സൗജന്യ യാത്രയ്ക്കിടെ ചിലർ ദീർഘദൂര ടിക്കറ്റ് എടുത്ത ശേഷം ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ യാത്ര അവസാനിപ്പിക്കുന്നതടക്കമുള്ള പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ചില ബസുകളിൽ ഒന്നിലധികം ടിക്കറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നതോടെയാണ് നിലവിലെ സംവിധാനത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായത്.
പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി സുസ്ഥിരമാക്കാൻ ഗുണഭോക്താക്കളെ കൃത്യമായി തിരിച്ചറിയുന്ന സംവിധാനം അനിവാര്യമാണെന്ന നിലപാടാണ് വകുപ്പിനുള്ളിൽ ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് സ്മാർട്ട് കാർഡ് സംവിധാനത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നത്.
എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ നിരവധി പ്രായോഗിക വെല്ലുവിളികളുണ്ട്. പ്രതിദിനം ലക്ഷക്കണക്കിന് വനിതകളാണ് സൗജന്യ യാത്രാ ആനുകൂല്യം ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ അർഹരായ സ്ത്രീകൾക്കും കാർഡ് വിതരണം ചെയ്യേണ്ടിവന്നാൽ അതിന് വലിയ സാമ്പത്തിക ചെലവും വിപുലമായ അടിസ്ഥാന സൗകര്യവും ആവശ്യമായി വരും.
ഓരോ കാർഡും തയ്യാറാക്കുന്നതിനുള്ള ചെലവിനൊപ്പം അപേക്ഷകരുടെ ആധാർ വിവരങ്ങൾ പരിശോധിച്ച് കാർഡ് വിതരണം ചെയ്യുന്നതിനും അധിക സമയവും ജീവനക്കാരും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയ ഡിപ്പോകളിലും ബസുകളിലും ഇത് പ്രായോഗികമാക്കുന്നതും വെല്ലുവിളിയാകുമെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കാർഡ് സംവിധാനം നിലവിൽ വന്നാലും അത് മറ്റൊരാൾക്ക് കൈമാറി ഉപയോഗിക്കുന്നതുപോലുള്ള ദുരുപയോഗ സാധ്യതകൾ പൂർണമായും ഒഴിവാക്കാനാകില്ലെന്ന ആശങ്കയും നിലനിൽക്കുന്നു. അതിനാൽ സാങ്കേതികവും ഭരണപരവുമായ വിവിധ വശങ്ങൾ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ.
Comments ()