56 ട്രെയിനുകളിൽ വൻ പരിശോധന: 16 മണിക്കൂറിനിടെ പിടിയിലായത് 783 പേർ; 6.18 ലക്ഷം രൂപ പിഴ
ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാനായി ട്രെയിനുകളിൽ പരിശോധന കർശനമാക്കുമെന്ന് റെയിൽവേ നേരത്തേ അറിയിപ്പ് നൽകിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും.
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ നടത്തിയ 16 മണിക്കൂർ നീണ്ട പ്രത്യേക പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 783 പേർ പിടിയിലായി. ഒക്ടോബർ 4-ന് വൈകിട്ട് 4 മുതൽ ഒക്ടോബർ 5-ന് രാവിലെ 8 വരെ 56 ട്രെയിനുകളിലായി അഞ്ച് ഡിവിഷണൽ സ്ക്വാഡുകൾ ചേർന്നാണ് പരിശോധന നടത്തിയത്. നിയമലംഘകരിൽ നിന്നായി ആകെ 6.18 ലക്ഷം രൂപ പിഴ ഈടാക്കി.
എറണാകുളം സ്ക്വാഡാണ് ഏറ്റവും കൂടുതൽ പേരെ പിടികൂടിയത്; 387 പേരിൽ നിന്നായി 3.34 ലക്ഷം രൂപ ഇവർ പിഴ ചുമത്തി. കൊല്ലം സ്ക്വാഡ് 183 കേസുകളിലായി 1.26 ലക്ഷം രൂപയും, തിരുവനന്തപുരം സ്ക്വാഡ് 167 കേസുകളിലായി 1.20 ലക്ഷം രൂപയും, നാഗർകോവിൽ സ്ക്വാഡ് 46 കേസുകളിലായി 36,640 രൂപയും പിഴ ഈടാക്കി. വരും ദിവസങ്ങളിലും ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്താൻ പരിശോധന കർശനമായി തുടരുമെന്ന് റെയിൽവേ അറിയിച്ചു.
Comments ()