വേളാങ്കണ്ണി തിരുനാൾ: തിരുവനന്തപുരത്തുനിന്ന് വീണ്ടും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ചാണ് ദക്ഷിണ റെയിൽവേയുടെ പ്രഖ്യാപനം.
വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് ദക്ഷിണ റെയിൽവേ തിരുവനന്തപുരം നോർത്തിൽനിന്ന് വേളാങ്കണ്ണിയിലേക്ക് വീണ്ടും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഇരുഭാഗങ്ങളിലേക്കുമായി രണ്ട് സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്ത് - വേളാങ്കണ്ണി റൂട്ടിൽ ഓഗസ്റ്റ് 29, സെപ്റ്റംബർ 5 (ശനിയാഴ്ചകൾ) തീയതികളിൽ വൈകുന്നേരം 7:35-ന് പുറപ്പെടുന്ന ട്രെയിൻ (06115) പിറ്റേദിവസം രാവിലെ 8:40-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. മടക്ക സർവീസായ വേളാങ്കണ്ണി - തിരുവനന്തപുരം നോർത്ത് ട്രെയിൻ (06116) ഓഗസ്റ്റ് 30, സെപ്റ്റംബർ 6 (ഞായറാഴ്ചകൾ) തീയതികളിൽ വൈകുന്നേരം 7:30-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7:30-ന് തിരുവനന്തപുരം നോർത്തിൽ എത്തും. ഈ സർവീസുകളിലേക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര, കുഴിത്തുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, നാങ്കുനേരി, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ഡിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന വേളാങ്കണ്ണി തിരുനാൾ പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ചാണ് ദക്ഷിണ റെയിൽവേ ഈ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി റൂട്ടിലും ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.
Comments ()