യുവവോട്ടർമാരെ ചേർക്കാൻ ക്യാംപസ് ടു ബൂത്ത്; പ്രത്യേക പ്രചാരണം നവംബർ രണ്ടുമുതൽ
പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോം 6 വഴി അപേക്ഷിക്കാം. സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്ലൈൻ ആപ്പ് എന്നിവയിലൂടെയും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്
തിരുവനന്തപുരം: പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും നിലവിലെ വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനുമായി സംസ്ഥാനത്ത് പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഈ മാസം 15 മുതൽ ആരംഭിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് അപേക്ഷാ ഫോമുകൾ വിതരണം ചെയ്യുകയും ഡിജിറ്റൽ ഡെസ്കുകൾ സജ്ജീകരിക്കുകയും ചെയ്യും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സി. സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോം 6 വഴി അപേക്ഷിക്കാം. സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്ലൈൻ ആപ്പ് എന്നിവയിലൂടെയും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. ഫോട്ടോ, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്ന് അപേക്ഷയോടൊപ്പം നൽകണം. ആധാർ സമർപ്പിക്കുന്നവർ അധികമായി മറ്റൊരു രേഖയും ഹാജരാക്കണം. അപേക്ഷകളുടെ തുടർപരിശോധനയ്ക്കായി ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി പരിശോധന നടത്തും.
2025 ജനുവരി ഒന്നിന് നിലവിലുണ്ടായിരുന്ന വോട്ടർപട്ടികയും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എസ്ഐആർ നടപടികൾക്കിടെ തിരികെ ലഭിക്കാത്ത അപേക്ഷകളിൽ ഉൾപ്പെട്ടവരും പിന്നീട് പ്രസിദ്ധീകരിച്ച പട്ടികയിൽ പേരില്ലാത്തവരുമായ വോട്ടർമാരുടെ വിവരങ്ങളും പരിശോധിക്കും. യുവാക്കൾക്കിടയിൽ വോട്ടർ രജിസ്ട്രേഷനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ സ്കൂൾ, ഹയർ സെക്കൻഡറി, കോളജ് തലങ്ങളിൽ ‘ക്യാംപസ് ടു ബൂത്ത്’ എന്ന പേരിൽ പ്രത്യേക ക്യാംപയിനും നടത്തും. ‘സ്റ്റേ ഫോർവേഡ്, ഗെറ്റ് കൗണ്ടഡ്’ എന്ന പ്രമേയത്തിൽ നവംബർ രണ്ടുമുതൽ ഒരാഴ്ച നീളുന്ന പ്രചാരണവും സംഘടിപ്പിക്കും.
Comments ()