ശമ്പള കുടിശ്ശികയും കോടികളുടെ ബാധ്യതയും: സ്പൈസ് ജെറ്റ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ, സർവീസുകൾ മുടങ്ങി യാത്രക്കാർ വലയുന്നു
ഇന്ന് രാത്രി 9.35ന് പുറപ്പെടേണ്ട കൊച്ചി ഫുജൈറ വിമാനം നാളെ പുലർച്ചെ ഒന്നരക്കേ പുറപ്പെടുകയൊള്ളുവെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്പൈസ് ജെറ്റ് ഗുരുതരമായ പ്രവർത്തന പ്രതിസന്ധിയിലും ഭീമമായ കുടിശ്ശിക ബാധ്യതകളിലും കുടുങ്ങിയിരിക്കുകയാണ്. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാത്തതും വിവിധ വിമാനത്താവളങ്ങൾക്കും സേവനദാതാക്കൾക്കും നൽകേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക തീർപ്പാക്കാത്തതുമാണ് കമ്പനിയെ കടുത്ത വെല്ലുവിളിയിലാക്കുന്നത്.
കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ഇറങ്ങുന്നത് തടയുകയും, പിന്നീട് പണമടച്ച ശേഷം മാത്രം ലാൻഡിങ്ങിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊച്ചി-ഫുജൈറ സർവീസ് റദ്ദാക്കുകയും ദുബായ്-കൊച്ചി വിമാനം അഞ്ച് മണിക്കൂറോളം വൈകുകയും ചെയ്തു. കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്കും ദുബായിലേക്കുമുള്ള സർവീസുകൾ തുടർച്ചയായി വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരെ വൻ ദുരിതത്തിലാക്കുകയാണ്.
വിമാനങ്ങൾ റദ്ദാക്കുന്നതിലും വൈകുന്നതിലും സ്പൈസ് ജെറ്റ് ജീവനക്കാർക്കും വ്യക്തമായ വിശദീകരണമില്ല. നാലു മാസമായി തങ്ങൾക്കും ശമ്പളം ലഭിക്കുന്നില്ലെന്നും മറ്റ് യാത്രാ മാർഗങ്ങൾ നോക്കാനുമാണ് ജീവനക്കാർ ദുരിതത്തിലായ യാത്രക്കാരോട് പറയുന്നത്. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക ഓഫീസ് പോലുമില്ലാതെ കേവലം 14 ജീവനക്കാരെ മാത്രം വെച്ചാണ് കമ്പനി നിലവിൽ പരിമിതമായി പ്രവർത്തിക്കുന്നത്.
ഇതുകൂടാതെ, ജീവനക്കാർക്കും ക്രൂ അംഗങ്ങൾക്കും താമസസൗകര്യമൊരുക്കിയ ഹോട്ടലുകളിലും ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകൾ കമ്പനിക്ക് തീർപ്പാക്കാനുണ്ട്. വിമാനത്താവള അധികൃതർ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾക്ക് നൽകാനുള്ള ഭീമമായ കുടിശ്ശികയും ശമ്പള കുടിശ്ശികയുമാണ് സ്പൈസ് ജെറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പൂർണ്ണമായും താളംതെറ്റിച്ചിരിക്കുന്നത്.
Comments ()