ഓഹരി വിപണിയിൽ തിരിച്ചടി; മുൻനിര 10 കമ്പനികളിൽ ഏഴിന്റെയും വിപണി മൂല്യം ഇടിഞ്ഞു
വെള്ളിയാഴ്ച വ്യാപാരം അവസാനിച്ച ആഴ്ചയിൽ സെൻസെക്സ് 276 പോയിന്റ് താഴ്ന്നതും വിപണിയിലെ ദുർബലമായ പ്രവണത വ്യക്തമാക്കുന്നു. ഇതിന്റെ പ്രതിഫലനം പ്രമുഖ കമ്പനികളുടെ ഓഹരികളിലും പ്രകടമായി.
മുംബൈ: ആഗോള വിപണിയിലെ അനിശ്ചിതത്വവും എണ്ണവിലയിലെ ചാഞ്ചാട്ടവും ഇന്ത്യൻ ഓഹരി വിപണിയിൽ സമ്മർദം സൃഷ്ടിച്ചതോടെ മുൻനിര കമ്പനികൾക്ക് തിരിച്ചടി. രാജ്യത്തെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളിൽ ഏഴിന്റെയും വിപണി മൂല്യത്തിൽ കഴിഞ്ഞ ആഴ്ച ഇടിവ് രേഖപ്പെടുത്തി. ആകെ 1.13 ലക്ഷം കോടി രൂപയിലധികമാണ് ഈ കമ്പനികൾക്ക് നഷ്ടമായത്.
വെള്ളിയാഴ്ച വ്യാപാരം അവസാനിച്ച ആഴ്ചയിൽ സെൻസെക്സ് 276 പോയിന്റ് താഴ്ന്നതും വിപണിയിലെ ദുർബലമായ പ്രവണത വ്യക്തമാക്കുന്നു. ഇതിന്റെ പ്രതിഫലനം പ്രമുഖ കമ്പനികളുടെ ഓഹരികളിലും പ്രകടമായി.
ഭാരതി എയർടെലിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 40,500 കോടി രൂപയുടെ കുറവുണ്ടായി. ഇതോടെ എയർടെലിന്റെ മൊത്തം വിപണി മൂല്യം 11,74,462 കോടി രൂപയായി.
റിലയൻസ് ഇൻഡസ്ട്രീസിനും സമാനമായ തിരിച്ചടിയുണ്ടായി. കമ്പനിയുടെ വിപണി മൂല്യത്തിൽ 40,056 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്കിന് 11,558 കോടി രൂപയും ബജാജ് ഫിനാൻസിന് 10,086 കോടി രൂപയും നഷ്ടമായി.
എൽ ആൻഡ് ടിയുടെ വിപണി മൂല്യം 6,473 കോടി രൂപ കുറഞ്ഞപ്പോൾ എൽഐസിക്ക് 3,162 കോടി രൂപയുടെ ഇടിവുണ്ടായി. പട്ടികയിലെ മറ്റ് കമ്പനികളിലും ആഴ്ചയുടെ അവസാനത്തോടെ വിപണി മൂല്യത്തിൽ കുറവ് രേഖപ്പെടുത്തി.
അതേസമയം, ചില പ്രമുഖ കമ്പനികൾ വിപണിയിലെ സമ്മർദത്തിനിടയിലും നേട്ടം സ്വന്തമാക്കി. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുടെ വിപണി മൂല്യം ഉയർന്നു. ടിസിഎസിനാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം; കമ്പനിയുടെ വിപണി മൂല്യം 16,643 കോടി രൂപ വർധിച്ചു.
വിപണി മൂല്യത്തിൽ ഇപ്പോഴും റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് രാജ്യത്തെ മുൻനിര കമ്പനിയായി തുടരുന്നത്.
Comments ()