കുവൈത്തിൽ വളർത്തുനായ്ക്കൾക്ക് പുതിയ നിയമം; ലൈസൻസില്ലെങ്കിൽ തടവും പിഴയും
പൊതുജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാനാണ് ഈ പുതിയ നിയമങ്ങൾ.
കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്കായി ആഭ്യന്തര മന്ത്രാലയം കർശനമായ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, മൃഗങ്ങളുടെ സംരക്ഷണത്തിനും, താമസമേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിർത്തുന്നതിനുമാണ് ഈ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 30 ദിനാറിലധികം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. പുതിയ ഉത്തരവ് പ്രകാരം നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണം. കൂടാതെ, ഓരോ നായയുടെയും കഴുത്തിൽ തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തിയ മെറ്റൽ ടാഗോടുകൂടിയ കോളർ ഉണ്ടായിരിക്കുകയും വേണം.
നായ്ക്കളെ അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ എത്തിച്ച് ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും, പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകളും വർഷം തോറുമുള്ള ബൂസ്റ്റർ ഡോസുകളും ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. പൊതുറോഡുകളിലും നടപ്പാതകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നായ്ക്കളുമായി പുറത്തിറങ്ങുമ്പോൾ നിയന്ത്രണച്ചങ്ങലയും വായ മൂടാനുള്ള ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിർബന്ധമാണ്.
നായയ്ക്ക് പേവിഷബാധയുണ്ടെന്നോ രോഗബാധ സംശയിക്കുന്നതായോ കണ്ടാല് ഉടൻ തന്നെ വെറ്ററിനറി കേന്ദ്രത്തെ വിവരം അറിയിക്കണം. പേവിഷബാധയേറ്റതോ രോഗബാധയുള്ളതോ ആയ മൃഗങ്ങളുടെ ജഡങ്ങൾ അധികൃതരുടെ പ്രത്യേക നിർദേശമില്ലാതെ സംസ്കരിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ലൈസൻസ്, തിരിച്ചറിയൽ രേഖകൾ, വാക്സിനേഷൻ എന്നിവ സംബന്ധിച്ച എല്ലാ നിയമങ്ങളും ഉടമകൾ കർശനമായി പാലിച്ച്, പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
Comments ()