'മുടി വളർത്താൻ ആൺകുട്ടികൾക്കും അവകാശം': വിദ്യാലയങ്ങളിൽ വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
മുടിയുടെ പേരിൽ വിദ്യാർത്ഥികളെ മാനസികമായി ബുദ്ധിമുട്ടിക്കാനോ വിവേചനം കാണിക്കാനോ പാടില്ല.
ആണ്കുട്ടികള്ക്കും ലിംഗനിര്ണയം നടത്താത്ത കുട്ടികള്ക്കും തങ്ങളുടെ ഇഷ്ടാനുസരണം തലമുടി വളര്ത്താന് പൂര്ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവിട്ടു. കമ്മീഷന് അംഗം പി. ഷാജേഷ് ഭാസ്കറാണ് നിര്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്. കണ്ണുകളോ മുഖമോ മറയാത്തരീതിയില് മുടി വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കേണ്ട ചുമതല കുട്ടികള്ക്കുണ്ട്. ലബോറട്ടറി പ്രവര്ത്തനങ്ങള്, കായിക മത്സരങ്ങള്, പ്രാക്ടിക്കല് ക്ലാസുകള് എന്നിവയില് പങ്കെടുക്കുമ്പോള് സുരക്ഷ മുന്നിര്ത്തി മുടി കെട്ടിവയ്ക്കുകയോ ഹെയര് ബാന്ഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ ചെയ്യണം. ലിംഗനിര്ണയം നടത്തിയിട്ടില്ലാത്ത കുട്ടികള്ക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂര്ണ്ണ അവകാശമുണ്ടായിരിക്കും. എന്നാല് ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കലുകളോ കളറുകളോ മുടിയില് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്.
മുടിയുടെ നീളത്തിന്റെയോ പരിപാലനത്തിന്റെയോ പേരില് ആണ്കുട്ടികളെയും ട്രാന്സ്ജെന്ഡര് കുട്ടികളെയും സ്കൂള് അധികൃതര് മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസില് നിന്ന് മാറ്റിനിര്ത്താനോ, വിവേചനപരമായി പെരുമാറാനോ മറ്റ് ശിക്ഷാനടപടികള്ക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷന് കര്ശനമായി വ്യക്തമാക്കി. കുട്ടികളുടെ ബാഹ്യരൂപത്തേക്കാള് അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങള് മുന്ഗണന നല്കേണ്ടത്. നിലവില് ഈ വിഷയത്തില് പൊതുവിദ്യാഭ്യാസ വകുപ്പോ സി.ബി.എസ്.ഇ.യോ വ്യക്തമായ മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചിട്ടില്ല. അതിനാല് ആണ്കുട്ടികളെയും ലിംഗനിര്ണയം നടത്താത്ത കുട്ടികളെയും കൂടി ഉള്പ്പെടുത്തി, അവരുടെ അഭിപ്രായങ്ങള് കേട്ട ശേഷം വിദ്യാലയങ്ങള്ക്കായി അടിയന്തരമായി പുതിയ മാര്ഗ്ഗരേഖ തയ്യാറാക്കാന് കമ്മീഷന് ആവശ്യപ്പെട്ടു. ഇതിന്മേല് സ്വീകരിച്ച നടപടികള് സംബന്ധിച്ച റിപ്പോര്ട്ട് 45 ദിവസത്തിനകം സമര്പ്പിക്കണം.
രാമനാട്ടുകര സ്വദേശിയായ ഇന്ദു മേനോന്, കോട്ടക്കല് സേക്രഡ് ഹാര്ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂള് പ്രിന്സിപ്പല് എന്നിവര് സമര്പ്പിച്ച ഹരജികള് സംയുക്തമായി പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്റെ ഈ വിധി. ജെന്ഡര് ന്യൂട്രല് എന്ന് അവകാശപ്പെടുന്ന വിദ്യാലയങ്ങള് മുടി നീട്ടി വളര്ത്തുന്ന ആണ്കുട്ടികളോട് കുറ്റവാളികളോടെന്ന പോലെ വിവേചനപരമായി പെരുമാറുന്നു എന്നായിരുന്നു ഇന്ദു മേനോന്റെ പരാതി. പതിനൊന്നാം ക്ലാസുകാരനായ വിദ്യാര്ത്ഥിയോട് മുടി വെട്ടാന് പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സാഹചര്യത്തില് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്ഗ്ഗനിര്ദ്ദേശം തേടിയാണ് സ്കൂള് അധികൃതര് ഹരജി നല്കിയത്.
Comments ()