തെരുവിലിറങ്ങി ജെൻസി; ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം വ്യാപകം, 400ഓളം സ്കൂളുകൾ അടച്ചു

അധ്യാപകരുടെ അപര്യാപ്തത, ക്ലാസ് മുറികളിലെ അമിതമായ തിരക്ക്, ദീർഘമായ പഠനസമയം, അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ എന്നിവയാണ് വിദ്യാർഥികൾ പ്രധാനമായും ഉന്നയിക്കുന്നത്.

തെരുവിലിറങ്ങി ജെൻസി; ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം വ്യാപകം, 400ഓളം സ്കൂളുകൾ അടച്ചു

പാരീസ്: വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഫ്രാൻസിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം വ്യാപകമാകുന്നു. സമരത്തിനിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. 400ഓളം സ്കൂളുകൾ അടച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

അധ്യാപകരുടെ അപര്യാപ്തത, ക്ലാസ് മുറികളിലെ അമിതമായ തിരക്ക്, ദീർഘമായ പഠനസമയം, അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ എന്നിവയാണ് വിദ്യാർഥികൾ പ്രധാനമായും ഉന്നയിക്കുന്നത്. ചൂടുകാലത്ത് ആവശ്യമായ തണുപ്പിക്കൽ സംവിധാനങ്ങളില്ലാത്തതും ശൈത്യകാലത്ത് മതിയായ ചൂട് ലഭിക്കാത്തതുമായ പഴയ കെട്ടിടങ്ങൾ നവീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയുള്ള നീണ്ട ക്ലാസ് സമയക്രമത്തിനെതിരെയും പ്രതിഷേധമുണ്ട്.

പ്രതിഷേധം ചിലയിടങ്ങളിൽ സംഘർഷത്തിലേക്ക് മാറിയതോടെ നിരവധി സ്കൂളുകൾക്കും പൊതുഗതാഗത സംവിധാനങ്ങൾക്കും നാശനഷ്ടമുണ്ടായി. ചില സ്കൂൾ കെട്ടിടങ്ങൾക്ക് തീയിട്ടതായും ട്രാമുകൾക്കും ബസ് സ്റ്റോപ്പുകൾക്കും കേടുപാടുകൾ വരുത്തിയതായും റിപ്പോർട്ടുകളുണ്ട്. നൂറിലേറെ സ്കൂളുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതായാണ് വിവരം. പ്രതിഷേധവുമായി ബന്ധപ്പെട്ട് 15നും 18നും ഇടയിൽ പ്രായമുള്ള ഏകദേശം 3,000 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച മാത്രം 1,949 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സംഘർഷങ്ങളിൽ സ്കൂൾ ജീവനക്കാരും പൊലീസുകാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. 40 പ്രധാനാധ്യാപകർ ഉൾപ്പെടെ 65 സ്കൂൾ ജീവനക്കാർക്കും 305 പൊലീസുകാർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രതിഷേധം പാരീസ്, മാർസെയിൽ, സ്ട്രാസ്ബർഗ്, ലില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 3,700 ഹയർസെക്കൻഡറി സ്കൂളുകളിൽ 1,027 എണ്ണത്തെ പ്രതിഷേധം ബാധിച്ചതായും 222 സ്കൂളുകൾ പൂർണമായി ഉപരോധിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സാഹചര്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് തീവ്ര ഇടതുപക്ഷ രാഷ്ട്രീയ ശക്തികളുടെ പിന്തുണയുണ്ടെന്ന സർക്കാർ ആരോപണം പ്രതിപക്ഷം തള്ളി. അതേസമയം, സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളായ വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫ്രഞ്ച് ജസ്റ്റിസ് മന്ത്രാലയം വ്യക്തമാക്കി.