അങ്കണവാടി അമൃതം പൊടിയിൽ 20% പഞ്ചസാര; ആരോഗ്യഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

കുട്ടികളുടെ പ്രായവും പോഷക ആവശ്യകതയും പരിഗണിച്ച് ന്യൂട്രിമിക്‌സിന്റെ ഘടനയും വിതരണ അളവും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു

അങ്കണവാടി അമൃതം പൊടിയിൽ 20% പഞ്ചസാര; ആരോഗ്യഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി പുനഃപരിശോധിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. അമൃതം പൊടിയിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി, പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

കുട്ടികളുടെ പ്രായവും പോഷക ആവശ്യകതയും പരിഗണിച്ച് ന്യൂട്രിമിക്‌സിന്റെ ഘടനയും വിതരണ അളവും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു. ഉൽപ്പന്നങ്ങളിലെ പോഷക ഘടകങ്ങൾ ശാസ്ത്രീയ അടിസ്ഥാനത്തിൽ നിർണയിക്കുന്നതിനായിരിക്കണം കമ്മിറ്റി പ്രവർത്തിക്കേണ്ടത്.

ടേക്ക് ഹോം റേഷൻ (THR) പദ്ധതിയിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകേണ്ട ന്യൂട്രിമിക്‌സിന്റെ അളവ് സംബന്ധിച്ചും വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കണം. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ച് കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ന്യൂട്രിമിക്‌സ് അളവ് സംബന്ധിച്ച നിർദ്ദേശങ്ങൾ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.

അമൃതം ന്യൂട്രിമിക്‌സ് ഉൾപ്പെടെയുള്ള പോഷകാഹാര ഉൽപ്പന്നങ്ങളുടെ പാക്കറ്റിൽ പോഷകമൂല്യവും ഓരോ പ്രായവിഭാഗത്തിലെ കുട്ടികൾക്ക് നൽകേണ്ട അളവും വ്യക്തമായി രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

പോഷകാഹാരങ്ങൾ ഉപയോഗിക്കേണ്ട രീതി, പാചകം ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, കുട്ടികൾ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളിൽ അങ്കണവാടി പ്രവർത്തകർക്കും ഗുണഭോക്താക്കൾക്കും ബോധവൽക്കരണം ശക്തമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഇതിനായി നേരിട്ടുള്ള ബോധവൽക്കരണത്തിനൊപ്പം പോഷൻ ട്രാക്കറും വാട്സ്ആപ്പ് ഗ്രൂപ്പുകളും പ്രയോജനപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

അമൃതം ന്യൂട്രിമിക്‌സിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പാലക്കാട് പട്ടിത്തറ സ്വദേശി കെ. സഹ്‌ല സമർപ്പിച്ച ഹർജിയിലാണ് ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ ഉത്തരവ് പുറപ്പെടുവിച്ചത്.

ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് ചെറുപ്പത്തിലേ അധിക പഞ്ചസാര ലഭിക്കുന്നത് ഭാവിയിൽ ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന ഹർജിയിലെ വാദവും കമ്മീഷൻ പരിഗണിച്ചു. അധികമായി പഞ്ചസാര ഉൾപ്പെടുന്ന ഭക്ഷണം കുട്ടികളിൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നത് അവരുടെ ഉത്തമ താൽപര്യത്തിനും പോഷകാഹാരത്തിനുള്ള അവകാശത്തിനും വിരുദ്ധമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.