രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു; 3 ലക്ഷം ടണ്‍ വിപണിയിലെത്തും
കയറ്റുമതിക്കായി മാത്രം മാറ്റിവെച്ചിരുന്ന സംസ്‌കരിച്ച പഞ്ചസാരയില്‍ ഒരു ഭാഗം ആഭ്യന്തര വിപണിയില്‍ വില്‍ക്കാനും റിഫൈനര്‍മാര്‍ക്ക് അനുമതി നല്‍കി
ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില കുറയാനും വിപണിയിലെ ലഭ്യത വർധിക്കാനും വഴിതുറക്കുന്നു. ഇന്ത്യൻ പഞ്ചസാര റിഫൈനർമാരുടെ കൈവശമുള്ള 33.5 ലക്ഷം ടൺ പഞ്ചസാര ആഭ്യന്തര വിപണിയിലേക്ക് എത്തുന്നതോടെയാണ് നിലവിലെ ക്ഷാമത്തിന് പരിഹാരമാകുന്നത്. നികുതിരഹിതമായി അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്കരിച്ച് കയറ്റുമതി ചെയ്യുന്ന കമ്പനികളിൽ നിന്ന് കുറഞ്ഞത് 3 ലക്ഷം ടൺ സംസ്കരിച്ച പഞ്ചസാരയെങ്കിലും വിപണിയിലെത്തും. ഇത് വിതരണ തടസ്സങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ സഹായിക്കും.
കഴിഞ്ഞ 10 ദിവസത്തിനിടെ പഞ്ചസാരയുടെ എക്സ്-മിൽ വിലയിൽ 20% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മില്ലുകളിൽ നിന്നുള്ള വില കോലാപൂരിൽ കിലോയ്ക്ക് 48 രൂപയായും ഉത്തർപ്രദേശിൽ 53 രൂപയായും കുറഞ്ഞു. നേരത്തെ കൃത്രിമ ക്ഷാമവും ഊഹക്കച്ചവടവും സംഭരണവും കാരണം എക്സ്-മിൽ വില 48 രൂപയിൽ നിന്ന് പെട്ടെന്ന് 58-60 രൂപയായി ഉയർന്നുവെങ്കിലും യഥാർത്ഥത്തിൽ വലിയ ക്ഷാമം ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ.
സർക്കാർ സ്വീകരിച്ച കർശന നടപടികൾ ഫലം കണ്ടു തുടങ്ങിയതായി ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ ഡയറക്ടർ ജനറൽ ദീപക് ബാലാനി വ്യക്തമാക്കി. എക്സ്-മിൽ വിലയിലുണ്ടായ 20% കുറവ് ഉടൻ തന്നെ ചില്ലറ വിപണിയിലും പ്രതിഫലിക്കുമെന്നും, നിലവിൽ ശരാശരി 65 രൂപയുള്ള ചില്ലറ വിൽപ്പന വില കുറഞ്ഞ് വരുന്ന ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ പഞ്ചസാര ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments ()