‘യുദ്ധം അവസാനിച്ചാലും ഇന്ധനവില ഉടൻ കുറയില്ല’; വിലവർധനയിൽ വിശദീകരണവുമായി സുരേഷ് ഗോപി

യുദ്ധം അവസാനിച്ചാൽ തന്നെ അടുത്ത ദിവസം ഇന്ധനവില കുറയണമെന്നില്ലെന്നും നിലവിലെ വിലയിൽ നേരത്തെ വാങ്ങിയ ക്രൂഡ് ഓയിലിന്റെ ചെലവും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു

‘യുദ്ധം അവസാനിച്ചാലും ഇന്ധനവില ഉടൻ കുറയില്ല’; വിലവർധനയിൽ വിശദീകരണവുമായി സുരേഷ് ഗോപി

കൊല്ലം: രാജ്യത്തെ ഇന്ധനവിലയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വാങ്ങുന്ന വിലയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുന്നില്ലേയെന്ന ചോദ്യത്തിനിടെയാണ് മന്ത്രിയുടെ വിശദീകരണം. പാചകവാതകത്തിന് ഇന്ത്യയിൽ ലഭിക്കുന്ന വില മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുദ്ധത്തിന് മുമ്പ് നാല് അംഗങ്ങളുള്ള കുടുംബത്തിന് ഒരു ദിവസം പാചകവാതകത്തിനായി ചെലവാകുന്നത് ഏകദേശം ഒമ്പത് രൂപ മാത്രമായിരുന്നുവെന്നും ഇത്ര കുറഞ്ഞ നിരക്കിൽ മറ്റൊരു ഉൽപ്പന്നം ലഭിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ വെളിച്ചെണ്ണയുടെ വില ഉയർന്നതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. വെളിച്ചെണ്ണ വില വർധനയ്ക്ക് യുദ്ധത്തിനോ പെട്രോളിയം മന്ത്രാലയത്തിനോ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ചായയുടെ വില 10 രൂപയിൽ നിന്ന് 12 രൂപയായെന്ന മാധ്യമപ്രവർത്തകരുടെ പരാമർശത്തിനും സമാനമായ മറുചോദ്യമാണ് മന്ത്രി ഉന്നയിച്ചത്.

അതേസമയം, ഇന്ധനവില എപ്പോൾ കുറയുമെന്ന് കൃത്യമായി പറയാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. യുദ്ധം അവസാനിച്ചാൽ തന്നെ അടുത്ത ദിവസം ഇന്ധനവില കുറയണമെന്നില്ലെന്നും നിലവിലെ വിലയിൽ നേരത്തെ വാങ്ങിയ ക്രൂഡ് ഓയിലിന്റെ ചെലവും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.